

'ടോക്സിക്കി'ന്റെ ബോക്സ് ഓഫീസ് തകർച്ചയ്ക്കിടെ നായകൻ യഷിന് ആശ്വാസവാക്കുകളുമായി കന്നഡതാരങ്ങൾ. വമ്പൻ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തി വിമാനംപോലെ ചിറകറ്റുവീണ ഈ ചിത്രത്തിന്റെ പതനം ഇന്ത്യൻസിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് യഷിനെയും ചിത്രത്തെയും ചേർത്തുപിടിക്കാൻ കിച്ച സുദീപിനെയും ഋഷഭ് ഷെട്ടിയെയും പോലുള്ളവർ മുന്നോട്ടുവന്നത്.
വ്യത്യസ്തമായ സിനിമ പരീക്ഷിക്കാൻ തയ്യാറായ യഷിനെ പ്രശംസിച്ചാണ് കിച്ച സുദീപ് രംഗത്തെത്തിയത്. മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമയെന്നത് ആ വഴി തെറ്റാണെന്ന് അർഥമാക്കുന്നില്ലെന്നായിരുന്നു ഋഷബ് ഷെട്ടിയുടെ വാക്കുകൾ. കന്നഡ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള യഷിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
‘ടോക്സിക്’ ഒരു പുതിയ ലോകവും തികച്ചും വ്യത്യസ്തമായ അനുഭവവുമാണെന്ന് ഉപേന്ദ്ര പ്രതികരിച്ചു. ചിത്രത്തിലെ മന:ശാസ്ത്രപരമായ തലങ്ങളെക്കുറിച്ചാണ് നടി ആശിക രംഗനാഥ് അഭിപ്രായം പങ്കുവച്ചത്. രക്ഷിത പ്രേം, സാൻവി സുദീപ്, ഗായകൻ വിജയ് പ്രകാശ് എന്നിവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയവരിൽ ഉൾപ്പെടുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്കി’ ൽ വേറിട്ടതും സങ്കീർണവുമായ രണ്ടു കഥാപാത്രങ്ങളെയാണ് യഷ് അവതരിപ്പിക്കുന്നത്. ശക്തനായ ഒരു അധോലോക നായകന്റെ ആന്തരിക സംഘർഷങ്ങളും മാനസിക പിരിമുറുക്കങ്ങളും പ്രമേയമാക്കുന്ന ചിത്രം, പതിവ് കൊമേഴ്‌സ്യൽ സിനിമാ രീതികളിൽനിന്ന് മാറിനിൽക്കുന്നതാണ്. പക്ഷേ വൻഅഡ്വാൻസ് ബുക്കിങ്ങിന്റെ കരുത്തിൽ ആദ്യദിനത്തിൽ നൂറുകോടി കടന്ന ചിത്രം പിന്നീടുള്ള ദിവസങ്ങളിൽ കൂപ്പുകുത്തി. ഇപ്പോൾ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻപോലുമാകാതെ കിതയ്ക്കുകയാണ് കെജിഎഫിനുശേഷം യഷ് നായകനായ സിനിമ.
കന്നഡ താരങ്ങളുടെ ശക്തമായ പിന്തുണയോടെ വരുംദിവസങ്ങളിൽ ഉയർത്തെഴുന്നേല്പിനുള്ള ശ്രമത്തിലായിരിക്കും 'ടോക്സിക്'. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഷും ഗീതുമോഹൻദാസും ചേർന്നാണ് രചന.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്കിയത്. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിര്‍മിച്ച ടോക്‌സിക്, കന്നഡ, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്.