

'കാന്താര ചാപ്റ്റര്‍ 1' വെറുമൊരു പുരാണ ഫാന്റസിയല്ലെന്നും ചരിത്രം, നാടോടിക്കഥകള്‍, കന്നഡയുടെ ആഴത്തിലുള്ള ആത്മീയബന്ധം എന്നിവയെക്കുറിച്ചാണെന്നും ഋഷഭ് ഷെട്ടി. ചിത്രത്തിനുള്ള വമ്പിച്ച പ്രതികരണം പ്രേക്ഷകരുടെ 'ദക്ഷിണ'യാണെന്നും താരം പറഞ്ഞു. 'പ്രേക്ഷകരുടെ പ്രതികരണത്തില്‍ നന്ദിയും കടപ്പാടുമുണ്ട്. ഞങ്ങള്‍ അതൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. ഈ വിജയം മുഴുവന്‍ ടീമിന്റെയും പരിശ്രമം മൂലമാണ്. എല്ലാവരും ചിത്രത്തിന് വലിയ സംഭാവനകള്‍ നല്‍കി'- ഷെട്ടി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ആത്യന്തികമായി, പ്രേക്ഷകരെ സിനിമയുടെ കഥയുമായും ആശയവുമായും ബന്ധിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണം, ഞങ്ങള്‍ അതിനെ 'ദക്ഷിണ'യായിട്ടാണ് കാണുന്നത്. പ്രേക്ഷകര്‍ക്കു നന്ദി. കാന്താര' വൈകാരികമായും ആത്മീയമായും ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, അത്യാഗ്രഹം തുടങ്ങിയ വിഷയങ്ങള്‍ ഞങ്ങള്‍ സിനിമയിലൂടെ അഭിസംബോധന ചെയ്തിട്ടുണ്ട്. അത്തരം നിരവധി വശങ്ങള്‍ ഞങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ട്. രജനീകാന്ത്, രാം ഗോപാല്‍ വര്‍മ, പ്രഭാസ്, യാഷ്, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തെ പ്രശംസിച്ചു. അവരുടെ അഭിനന്ദനം പ്രധാനപ്പെട്ടതാണ്. പക്ഷേ ഞാന്‍ എന്നെ ആരുമായും താരതമ്യം ചെയ്യാറില്ല. രാജമൗലി സാറിന്റെയും രാം ഗോപാല്‍ സാറിന്റെയും സിനിമകളില്‍നിന്ന് എനിക്ക് പ്രചോദനം ലഭിച്ചിട്ടുണ്ട്-ഋഷഭ് ഷെട്ടി പറഞ്ഞു.
സിനിമാ മേഖലയിലെ 21-ാം വര്‍ഷമാണ്. 2004-ല്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഞാന്‍ തുടങ്ങിയത്. എനിക്ക് ഒരു നിശ്ചിത സംവിധാന ശൈലിയില്ല. കാന്താരയുടെ ആദ്യഭാഗവും പുതിയ ഭാഗവും തികച്ചും വ്യത്യസ്തമാണ്. ദൈവവും പ്രകൃതിയുമായുള്ള ബന്ധമാണ് പൊതുവായ ഒരേയൊരു ഘടകം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷം. എല്ലാ കാന്താര കഥകളിലും ആ പ്രമേയം എപ്പോഴും ഉണ്ടാകും'-അദ്ദേഹം പറഞ്ഞു.
തന്റെ സിനിമകളിലെ സ്ത്രീകഥപാത്രങ്ങളെ ശക്തിയോടെയും ബഹുമാനത്തോടെയും അവതരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. 'നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ശക്തരാണ്. കലയിലായാലും എഴുത്തിലായാലും. സ്ത്രീകള്‍ എല്ലായിടത്തും മികവ് പുലര്‍ത്തുന്നു. എന്റെ എല്ലാ സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നു. അമ്മ കഥാപാത്രങ്ങള്‍ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കി. ഞങ്ങളുടെ വിശ്വാസപ്രകാരം ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവരോടൊപ്പം ശക്തിയെയും ഞങ്ങള്‍ ആരാധിക്കുന്നു. അതിനാല്‍ ആത്മീയമായും ഞങ്ങള്‍ ദേവിക്കും തുല്യ പ്രാധാന്യം നല്‍കുന്നു. അത് സിനിമയില്‍ പ്രതിഫലിക്കുന്നു. കന്നഡ ചലച്ചിത്ര വ്യവസായം സൂര്യനെപ്പോലെ തിളങ്ങുന്നതില്‍ സന്തോഷമുണ്ട്'- ഷെട്ടി പറഞ്ഞു.
കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പുള്ള കര്‍ണാടകയിലെ കാന്താര വനത്തിലെ ഗോത്രവര്‍ഗക്കാരും സ്വേച്ഛാധിപതിയായ രാജാവും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന കന്നഡ ചിത്രം ഒക്ടോബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിനകം 427.5 കോടിയിലധികം രൂപയാണ് ബോക്‌സ്ഓഫീസില്‍നിന്ന് 'കാന്താര' നേടിയത്.