

'കാന്താര' എന്ന ആഗോളവിസ്മയത്തിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയങ്കരനായി മാറിയ ഋഷഭ് ഷെട്ടി, തന്റെ ജീവിതത്തിലെ യഥാര്‍ഥ നായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ പ്രഗതി ഷെട്ടിക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പും വീഡിയോയും പങ്കുവച്ചാണ് താരം ജന്മദിനാംശകള്‍ നേര്‍ന്നത്.
പ്രഗതിയുടെ ജീവിതത്തിലെ വിവിധ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ വീഡിയോ മോണ്ടാഷിനൊപ്പമാണ് ഋഷഭ് കുറിപ്പ് പങ്കുവച്ചത്: 'നിശ്ചയദാര്‍ഢ്യവും മാതൃത്വത്തോടുള്ള സ്‌നേഹവും, കരിയറിലെ അര്‍പ്പണബോധവും എന്നെ അദ്ഭുതപ്പെടുത്തുന്നു. ഈ ജീവിതത്തില്‍ ഒരു അപൂര്‍വപ്രകാശമായി നീ എന്നും തിളങ്ങുന്നു'- ഋഷഭ് കുറിച്ചു.
സിനിമയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്. 2014-ല്‍ ഋഷഭ് അഭിനയിച്ച 'ഉളിദവരു കന്ദന്തേ' എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
ആ സൗഹൃദം പ്രണയത്തിലേക്കും 2017-ല്‍ വിവാഹത്തിലേക്കും വഴിമാറി. റണ്‍വിത്, രാധ്യ എന്നിവരാണ് മക്കള്‍.