

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍ 2'-വിലെ തന്റെ അനുഭവങ്ങളും എഡിറ്റിങ്ങിനെക്കുറിച്ചുമുള്ള നിലപാടുകളും വെളിപ്പെടുത്തി നടി മേഘ്ന രാജ്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറിന്റെ മകളുടെ വേഷത്തിലാണ് മേഘ്ന രാജ് എത്തിയത്.
ചിത്രത്തിലേക്കു ക്ഷണം ലഭിച്ചപ്പോള്‍ത്തന്നെ തന്റെ കഥാപാത്രത്തിന്റെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ വ്യക്തത തേടിയിരുന്നുവെന്ന് മേഘ്ന പറയുന്നു. വെറുമൊരു പശ്ചാത്തല കഥാപാത്രമായി മാറാതെ രജനികാന്തിനൊപ്പം പ്രധാന രംഗങ്ങളില്‍ സ്ക്രീന്‍ പങ്കിടാന്‍ സാധിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രോജക്ടിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്. സിനിമയില്‍ തനിക്ക് ലഭിച്ച സ്ക്രീന്‍ സമയം ചെറുതാണെങ്കിലും, ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രൊഡക്ഷന്‍ ഘട്ടത്തില്‍ ഏകദേശം 35 ദിവസത്തോളം ഈ ചിത്രത്തിനായി ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു.
സിനിമ തിയേറ്ററുകളിലെത്തിയപ്പോള്‍ താന്‍ അഭിനയിച്ച ചില പ്രധാന രംഗങ്ങള്‍ ഒഴിവാക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു സിനിമയുടെ മികച്ച മേക്കിങ്ങിനും ദൈര്‍ഘ്യത്തിനും വേണ്ടി എഡിറ്റിങ് ടേബിളില്‍ എടുക്കുന്ന ഇത്തരം സര്‍ഗാത്മക തീരുമാനങ്ങളെ ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ പൂര്‍ണമായി മാനിക്കുന്നുവെന്നാണ് താരം വ്യക്തമാക്കിയത്.
കന്നഡ സിനിമാലോകത്തെ പ്രതിഭയായ ശിവരാജ്കുമാറിനൊപ്പം ആദ്യമായി സ്ക്രീന്‍ പങ്കിടാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നും താരം ഓര്‍ത്തെടുത്തു. അദ്ദേഹം സെറ്റിലേക്ക് എത്തിയതോടെ തികച്ചും സൗഹൃദപരമായ അന്തരീക്ഷമാണ് രൂപപ്പെട്ടതെന്നും, ജയിലര്‍ 2-ന്റെ ഭാഗമാകാന്‍ കഴിഞ്ഞത് കരിയറിലെ മികച്ച നിമിഷങ്ങളില്‍ ഒന്നാണെന്നും മേഘ്ന രാജ് പറഞ്ഞു.