'കാന്താര' ഇംഗ്ലീഷ് പതിപ്പ് ഒക്‌ടോബര്‍ 31ന് വേൾഡ് വൈഡ് റിലീസ്
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച 'കാന്താര' റെക്കോഡുകളില്‍നിന്ന് റെക്കോഡുകളിലേക്ക് കുതിക്കുകയാണ്. ഇപ്പോള്‍ ഇതിഹാസചിത്രം ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും അതിരുകള്‍ മറികടക്കുന്നു. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഹോംബാലെ ഫിലിംസ് തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 31 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍ ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് റിലീസ് ചെയ്യും.
വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭക്തിയുടെയും ഇതിഹാസയാത്ര ലോകഭാഷയിലും അനുഭവിക്കൂ എന്ന് അണിയറക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.'ഇത് ഞങ്ങള്‍ക്ക് വെറും പുരാണമല്ല, ഞങ്ങളുടെ ചരിത്രമാണ്. നാടോടിക്കഥകളില്‍ അതു കേട്ടിട്ടുണ്ട്. ഇപ്പോഴും ഈ പാരമ്പര്യങ്ങള്‍ പിന്തുടരുന്നു. ചിലര്‍ ഇതിനെ പുരാണമായി കണ്ടേക്കാം. പക്ഷേ ഞങ്ങള്‍ക്ക് ഇത് ചരിത്രമാണ്. അതിനു തെളിവുകളുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു...' ഋഷഭ് ഷെട്ടി പറഞ്ഞു.
ആയിരം കോടിയിലേക്ക് അടുക്കുകയാണ് 'കാന്താര' എന്നാണ് പുറത്തുവരുന്ന വിവരം. പ്രേക്ഷകരില്‍നിന്നു മാത്രമല്ല, ഇന്ത്യയിലെ സൂപ്പര്‍താരങ്ങളും സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ ചിത്രത്തിന് വലിയ പ്രശംസയാണ് നല്‍കിയത്. ചിത്രത്തിനുവേണ്ടി ഋഷഭ് ഷെട്ടി നടത്തിയ കഠിനാധ്വാനം ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തില്‍പ്പോലും അപൂര്‍വമാണെന്ന് ആരാധകർ പറയുന്നു. ദീപാവലി കളക്ഷനിലും ചിത്രം മുന്നിട്ടുനില്കുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴും ചിത്രത്തിന് വന്‍ റിസര്‍വേഷന്‍ ആണ് ലഭിക്കുന്നത്.

