

'കാന്താര' താരം ഋഷഭ് ഷെട്ടി ഛത്രപതി ശിവജിയായി വേഷമിടുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്' എന്ന സിനിമയിലേക്ക് ബോളിവുഡ് നടി ഭൂമി പഡ്‌നേക്കറും എത്തുന്നു. കന്നഡ ചരിത്രത്തിലെ ധീരയോദ്ധാവും രാജ്ഞിയുമായ 'ബെലവാഡി മല്ലമ്മ' എന്ന കഥാപാത്രത്തെയാണ് ഭൂമി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സന്ദീപ് സിങ് ആണ് ഈ പീരിയഡ് ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ മറാഠാ സൈന്യത്തിനെതിരെ ധീരമായി പോരാടിയ കര്‍ണാടകയിലെ പ്രമുഖ ഭരണാധികാരിയാണ് ബെലവാഡി മല്ലമ്മ. മല്ലമ്മയുടെ വീര്യത്തിലും യുദ്ധതന്ത്രങ്ങളിലും ആകൃഷ്ടനായ ശിവജി മഹാരാജ് പിന്നീട് അവരെ ഏറെ ബഹുമാനിച്ചിരുന്നു എന്നാണു ചരിത്രം. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തില്‍ നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
ചിത്രത്തില്‍ ഔറംഗസേബായി അര്‍ജുന്‍ രാംപാലും മറ്റൊരു പ്രധാന വേഷത്തില്‍ വിവേക് ഒബ്റോയിയും എത്തുന്നുണ്ട്. രവി വര്‍മന്‍ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. 'ഗെയിം ഓഫ് ത്രോണ്‍സ്', 'വിക്കിങ്സ്' തുടങ്ങിയ പരമ്പരകളുടെ സ്റ്റണ്ട് ഡയറക്ടറായ മാര്‍ക്ക് ഹെന്‍സന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘവും പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ റാം-ലക്ഷ്മണ്‍ ജോഡിയുമാണ് ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ ഒരുക്കുന്നത്.
ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലും ചരിത്രത്തില്‍ ഇടംനേടിയ ഇത്രയും ശക്തമായ ധീരവനിതയെ അവതരിപ്പിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് ഭൂമി പഡ്‌നേക്കര്‍ പറഞ്ഞു.