
ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നായ,എമിലി ബ്രോണ്ടിയുടെ 'വതറിങ് ഹൈറ്റ്‌സ്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ലോകാവസാനംവരെ നിലനില്‍ക്കുന്ന സാഹിത്യകൃതി എന്ന് നിരൂപകര്‍ വിലയിരുത്തിയ പ്രണയകാവ്യം വെള്ളിത്തിരയില്‍ എത്താന്‍ 2026 ഫെബ്രുവരി 14 വരെ കാത്തിരിക്കണം.
ജേക്കബ് എലോര്‍ഡി-മാര്‍ഗോട്ട് റോബി എന്നിവരാണ് 1847ലെ നോവലിലെ കഥപാത്രങ്ങളായ കാതറിന്‍ ഏണ്‍ഷായും അനാഥനായ ഹീറോ ഹീത്ത്ക്ലിഫുമായി എത്തുന്നത്. പ്രക്ഷുബ്ധവും ഭ്രാന്തവുമായ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ലോകസിനിമയുടെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന വിസ്മയമായി നിലനില്‍ക്കുമെന്നാണ് ആരാധകരും ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍, രണ്ട് പ്രധാന കഥാപാത്രങ്ങളുടെയും പ്രണയരംഗങ്ങളെ അനാവരണം ചെയ്യുന്നു. ചിത്രീകരണം നടക്കുമ്പോള്‍ വൈറലായ റോബിയുടെ വിവാഹ വസ്ത്രത്തിന്റെ ദൃശ്യവും ഇതില്‍ കാണിക്കുന്നുണ്ട്. 2020-ല്‍ പുറത്തിറങ്ങിയ പ്രോമിസിങ് യങ് വുമണ്‍, 2023-ല്‍ പുറത്തിറങ്ങിയ സാള്‍ട്ട്‌ബേണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തിയാര്‍ജിച്ച എമറാള്‍ഡ് ഫെന്നല്‍ ആണ് ഈ സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. 'വതറിങ് ഹൈറ്റ്‌സി'ന്റെ വിതരണം വാര്‍ണര്‍ ബ്രദേഴ്സാണ്.
കാതറിന്‍ ഏണ്‍ഷോ ആയി റോബിയും ഹീത്ത്ക്ലിഫായി എലോര്‍ഡിയും വേഷമിടുന്നു. നെല്ലി ഡീനായി ഹോംഗ് ചൗ, എഡ്ഗര്‍ ലിന്റണായി ഷസാദ് ലത്തീഫ്, ഇസബെല്ല ലിന്റണായി അലിസണ്‍ ഒലിവര്‍ എന്നിവരും ചിത്രത്തിലുണ്ട്. പ്രണയദിനത്തിലായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.