

പ്രശസ്ത ഹോളിവുഡ് താരം ടോം ക്രൂസിന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഈ വർഷത്തെ അഭിമാനകരമായ ലൈഫ് അച്ചീവ്മെന്‍റ് പുരസ്കാരം. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് എഎഫ്ഐ ഈ പുരസ്കാരം നൽകി ആദരിക്കുന്നത്.
ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ 2027 ഏപ്രിൽ 24-നാണ് പുരസ്കാരദാന ചടങ്ങ് നടക്കുക. പുരസ്കാരം നേടുന്ന 52-ാമത്തെ വ്യക്തിയാണ് ടോം ക്രൂസ്.
സിനിമയെന്ന കലാരൂപത്തിന് അദ്ദേഹം നൽകിയ അസാധാരണമായ സംഭാവനകളെ ഇൻസ്റ്റിറ്റ്യൂട്ട് എടുത്തുപറഞ്ഞു. തിയേറ്റർ അനുഭവങ്ങളെ സജീവമായി നിലനിർത്തുന്നതിനും ചലച്ചിത്രമേഖലയോടുള്ള അദ്ദേഹത്തിന്‍റെ ആത്മസമർപ്പണത്തിനും കഴിഞ്ഞ വർഷം അക്കാദമിയുടെ ഓണററി ഓസ്കർ പുരസ്കാരവും ടോം ക്രൂസിനെ തേടിയെത്തിയിരുന്നു.
തന്‍റെ അഭിനയജീവിതത്തിൽ ഇതുവരെ ഓസ്കർ പുരസ്കാരം നേടാൻ സാധിച്ചിട്ടില്ലാത്ത ടോം ക്രൂസിന് സിനിമ ലോകത്തുനിന്നും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായാണ് എഎഫ്ഐ ലൈഫ് അച്ചീവ്മെന്‍റ് പുരസ്കാരം വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരും ആരാധകരും ഏറെ കാലമായി കാത്തിരുന്ന അംഗീകാരമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.