

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എംസിയു) പുതിയ സ്പൈഡര്‍മാന്‍ ചിത്രമായ 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' റിലീസിന് തയാറെടുക്കുമ്പോള്‍, പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുന്നത് 'ദ് പണിഷര്‍' എന്ന ആന്റി-ഹീറോ കഥാപാത്രത്തിന്റെ കടന്നുവരവാണ്. ജോണ്‍ ബെര്‍ന്താൽ അവതരിപ്പിക്കുന്ന ഫ്രാങ്ക് കാസില്‍ അഥവാ 'ദ് പണിഷര്‍', ഇതാദ്യമായാണ് ഒരു മാര്‍വല്‍ സിനിമയുടെ ഭാഗമാകുന്നത്.
ടോം ഹോളണ്ട് അവതരിപ്പിക്കുന്ന പീറ്റര്‍ പാര്‍ക്കറിന്റെയും (സ്പൈഡര്‍മാന്‍) ജോൺ ബെർന്താൽ ജീവൻനല്കുന്ന ഫ്രാങ്ക് കാസിലിന്റെയും (ദ് പണിഷര്‍) നിലപാടുകളിലെ വലിയ വൈരുധ്യമാണ് ചിത്രത്തെ കൂടുതല്‍ കൗതുകമുള്ളതാക്കുന്നത്. എത്ര വലിയ ശത്രുവായാലും കൊല്ലരുത് എന്ന അനുകമ്പയിലും ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്നയാളാണ് സ്പൈഡര്‍മാന്‍. എന്നാല്‍ കുറ്റവാളികളെ എന്നെന്നേക്കുമായി ഇല്ലാതാക്കുക മാത്രമാണു നീതി നടപ്പാക്കാനുള്ള ഒരേയൊരു വഴിയെന്ന് വിശ്വസിക്കുന്ന, മാരകമായ ആയുധങ്ങളും ആക്രമണരീതികളും ഉപയോഗിക്കുന്ന ക്രൂരനായ പോരാളിയാണ് പണിഷര്‍.
1974-ല്‍ പുറത്തിറങ്ങിയ 'ദി അമേസിങ് സ്പൈഡര്‍മാന്‍' കോമിക്‌സിലാണ് പണിഷര്‍ എന്ന കഥാപാത്രം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്നുമുതല്‍ തന്നെ സ്പൈഡര്‍മാന്റെ കൊല്ലാതെയുള്ള രീതികളെ എതിര്‍ക്കുന്ന പണിഷറുമായി ഇരുവരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.
കുടുംബത്തെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ സ്വന്തം നിലയില്‍ നിയമം കൈയിലെടുത്ത മുന്‍ യുഎസ് മറീന്‍ സൈനികനാണ് ഫ്രാങ്ക് കാസില്‍. വയലന്‍സിനും ചോരപ്പുഴയ്ക്കും പ്രാധാന്യമുള്ള പണിഷറിന്റെ ലോകവും, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്പൈഡര്‍മാന്റെ ലോകവും ഒന്നിക്കുമ്പോള്‍ സിനിമയില്‍ എങ്ങനെയുള്ള കെമിസ്ട്രിയാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പണിഷര്‍ സ്പൈഡര്‍മാന്റെ കൂട്ടാളിയാണോ അതോ എതിരാളിയാണോ എന്നു വ്യക്തമാകും.