'സ്പൈഡർമാൻ' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു; മുംബൈയിൽ ഒരു ടിക്കറ്റിന് 2690 രൂപ വരെ!

'സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ' പോസ്റ്റർ
'സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ആഗോള സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പേറ്റിയ ആ അതിമാനുഷൻ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഏറ്റവും പുതിയ ദൃശ്യവിരുന്ന് "സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' (Spider-Man: Brand New Day) റിലീസിനോടടുക്കുമ്പോൾ ഇന്ത്യയിലെ തിയേറ്ററുകൾ ഉത്സവപ്രതീതിയിലാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.

Must Read
കൊച്ചിയെ ഞെട്ടിച്ച് 'സ്‌പൈഡര്‍മാന്‍'; ഫാന്‍സ് ഷോ ടിക്കറ്റ് ലോഞ്ച് ചെയ്ത് ടോം ഹോളണ്ട്
'സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ' പോസ്റ്റർ

സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിന്‍റെ അമ്പരപ്പിക്കുന്ന ടിക്കറ്റ് നിരക്കുകളാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ലക്ഷ്വറി തിയേറ്ററുകളിലാണ് ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നിരിക്കുന്നത്. മുംബൈയിലെ പ്രമുഖ മൾട്ടിപ്ലക്സുകളിലെ പ്രീമിയം ഐമാക്സ് , ഡയറക്ടേഴ്സ് കട്ട് സ്ക്രീനുകളിൽ ഒരു ടിക്കറ്റിന്‍റെ വില 2,690 രൂപ വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നികുതിയും മറ്റ് ബുക്കിങ് ചാർജുകളും കൂടാതെയാണിത് എന്നറിയുമ്പോഴാണ് ഇതിന്‍റെ ഭീമമായ നിരക്ക് വ്യക്തമാകുന്നത്. എങ്കിലും പ്രിയ സൂപ്പർഹീറോയുടെ ആക്ഷൻ രംഗങ്ങൾ ഏറ്റവും മികച്ച ദൃശ്യ-ശ്രാവ്യ അനുഭൂതിയോടെ ആസ്വദിക്കാൻ പണം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ആരാധകർ. റിലീസ് ദിനത്തിലെ പ്രീമിയം ഷോകളെല്ലാം തന്നെ ഇതിനോടകം ഹൗസ് ഫുള്ളായിക്കഴിഞ്ഞു.

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന്
'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ട്രെയിലറിൽ നിന്ന്കടപ്പാട്-ഐഎംഡിബി

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ബോക്സ് ഓഫീസിൽ ഹോളിവുഡ് ചിത്രങ്ങൾക്കു ലഭിക്കുന്ന വൻ സ്വീകാര്യത ഈ ചിത്രത്തിനും ആവർത്തിക്കുമെന്നാണ് പ്രാരംഭ സൂചനകൾ വ്യക്തമാക്കുന്നത്. സാധാരണ 2D സ്ക്രീനുകളേക്കാൾ ചിത്രത്തിന്റെ 3D, 4DX ഫോർമാറ്റുകൾ കാണാനാണ് പ്രേക്ഷകർ ഏറെയും താല്പര്യപ്പെടുന്നത്.

ഇംഗ്ലീഷ് പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റി ചിത്രം വൻതോതിൽ പ്രദർശനത്തിനെത്തുന്നുണ്ട്. ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന വിദേശ ചിത്രമായി ഇത് മാറുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ. തിയേറ്ററുകളിൽ ആവേശമായി പീറ്റർ പാർക്കർ എത്തുമ്പോൾ ബോക്സ് ഓഫീസിലെ പല പഴയ റെക്കോർഡുകളും വഴിമാറുമെന്നുറപ്പാണ്.

Pappappa
pappappa.com