
ഹോളിവുഡ് ഇതിഹാസവും സ്വതന്ത്ര സിനിമകൾക്കായുള്ള 'സണ്‍ഡാന്‍സ്' ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകനുമായ റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് (89) അമേരിക്കയിലെ യൂട്ടായില്‍ അന്തരിച്ചു. പ്രോവോയ്ക്കടുത്തുള്ള മലനിരകളിലെ വസതിയില്‍വച്ചാണ് റെഡ്‌ഫോര്‍ഡിന്റെ അന്ത്യമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നടനും സംവിധായകനും ഓസ്‌കര്‍ ജേതാവുമായ റെഡ്‌ഫോര്‍ഡ് ഉറക്കത്തിലാണു മരിച്ചതെന്ന് റോജേഴ്സ് ആന്‍ഡ് കോവന്‍ പിഎംകെയുടെ ചീഫ് എക്സിക്യൂട്ടീവ് സിന്‍ഡി ബെര്‍ഗര്‍ പറഞ്ഞു.
റെഡ്‌ഫോര്‍ഡിന് ഇന്ത്യയുമായും ബന്ധമുണ്ടായിരുന്നു. 'ദി ലഞ്ച്‌ബോക്‌സ്' ഫെയിം റിതേഷ് ബത്ര സംവിധാനം ചെയ്ത് 2017-ല്‍ പുറത്തിറങ്ങിയ റൊമാന്‍സ് ഡ്രാമയായ 'ഔര്‍ സോള്‍സ് അറ്റ് നൈറ്റ്' എന്ന ചിത്രത്തില്‍ റെഡ്‌ഫോര്‍ഡ് കേന്ദ്രകഥാപാത്രമായിരുന്നു. 'ബെയര്‍ഫൂട്ട് ഇന്‍ ദി പാര്‍ക്ക്' സഹനടി ജെയ്ന്‍ ഫോണ്ട അദ്ദേഹത്തിന്റെ നായികയായി ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തിലെത്തിയതും ആരാധകര്‍ ആഘോഷിച്ചിരുന്നു.
1960ല്‍ പുറത്തിറങ്ങിയ 'ടോള്‍ സ്റ്റോറി' ആണ് റെഡ്‌ഫോര്‍ഡിന്റെ ആദ്യ ചിത്രം. നടനായുള്ള റെഡ്‌ഫോര്‍ഡിന്റെ അരങ്ങേറ്റം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി. രണ്ടു വര്‍ഷത്തിന് ശേഷം, 'വാര്‍ ഹണ്ട്' എന്ന ചിത്രം ചെയ്തു. ബെയര്‍ഫൂട്ട് ഇന്‍ ദി പാര്‍ക്ക്, ബുച്ച് കാസിഡി ആന്‍ഡ് ദി സണ്‍ഡാന്‍സ് കിഡ്, ദി സ്റ്റിംഗ്, ഓള്‍ ദി പ്രസിഡന്റ്‌സ് മെന്‍ ആന്‍ഡ് ഓര്‍ഡിനറി പീപ്പിള്‍, ഇന്‍ഡീസെന്റ് പ്രൊപ്പോസല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ അറുപതു വര്‍ഷത്തെ കരിയറിലെ ശദ്ധേയചിത്രങ്ങളാണ്.
1973ല്‍ 'ദി സ്റ്റിങ്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡിന് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. എന്നാല്‍ റെഡ്‌ഫോര്‍ഡിന്റെ ആദ്യ ഓസ്‌കര്‍ പുരസ്‌കാരം 1980-ല്‍ 'ഓര്‍ഡിനറി പീപ്പിള്‍' എന്ന ചിത്രത്തിലൂടെയാണ് ലഭിച്ചത്. മികച്ച സംവിധായകന്റെ പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. എ റിവര്‍ റണ്‍സ് ത്രൂ ഇറ്റ്, ക്വിസ് ഷോ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു.
2002-ല്‍ ഓണററി ഓസ്‌കര്‍ ലഭിച്ചപ്പോള്‍ റെഡ്‌ഫോര്‍ഡ് പറഞ്ഞു: 'എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ പിന്നോട്ട് നോക്കാതെ മുന്നോട്ടുള്ള വഴിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ഇന്നു രാത്രി, ഞാന്‍ റിയര്‍വ്യൂ മിററില്‍ കാണുന്നത്, ഞാന്‍ അധികം ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്, അതിനെ ചരിത്രം എന്നു വിളിക്കുന്നു'.
മാര്‍വല്‍ സ്റ്റുഡിയോയുടെ 2019-ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്ന ചിത്രത്തിലെ അതിഥി വേഷമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അദ്ദേഹത്തിന്റെ അവസാന നിര്‍മാണ സംരംഭം സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയ ഡാര്‍ക്ക് വിന്‍ഡ്സ് ആയിരുന്നു.
സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍
ബുച്ച് കാസിഡി, സണ്‍ഡാന്‍സ് കിഡ്, ഡൗണ്‍ഹില്‍ റേസര്‍ എന്നിവയുള്‍പ്പെടെ തന്റെ അഭിനയ വിജയത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് യൂട്ടായിലെ പ്രോവോയിൽ ടിമ്പനോഗോസ് പര്‍വതത്തിന്റെ കിഴക്ക് ഭാഗത്ത് 'ടിമ്പ് ഹാവന്‍' എന്ന പ്രദേശം റെഡ്‌ഫോര്‍ഡ് വാങ്ങി. സണ്‍ഡാന്‍സ് കിഡ് എന്ന കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹം അതിന് 'സണ്‍ഡാന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്തു. 1963-ല്‍ അദ്ദേഹവും മുന്‍ ഭാര്യ ലോലയും ചേര്‍ന്ന് ഈ പ്രദേശത്ത് ഒരു വീട് പണിതു. തുടര്‍ന്ന് 1978ല്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. ഇത് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര സിനിമകളുടെ ഉത്സവമായി മാറി, പിന്നീടതു ചരിത്രവും.