

പ്രിയങ്ക ചോപ്രയും ഒര്‍ലാന്‍ഡോ ബ്ലൂമും ഒന്നിക്കുന്ന പുതിയ ഹോളിവുഡ് ചിത്രം 'റീസെറ്റ്' ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മാറ്റ് സ്മക്‌ളറാണ് സംവിധാനം ചെയ്യുന്നത്.
ഒറ്റപ്പെട്ട വനപ്രദേശത്ത് ഓര്‍മകള്‍ നഷ്ടപ്പെട്ട നിലയില്‍ ഉണരുന്ന യുവതിയുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. അവിടെ തനിക്ക് അപരിചിതനായ ഒരാളെ വിശ്വസിക്കേണ്ടി വരുന്നതും, എന്നാല്‍ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിക്കുന്നതുമാണു ചിത്രത്തെ ആകാംക്ഷാഭരിതമാക്കുന്നത്.
പ്രിയങ്കയും ഒര്‍ലാന്‍ഡോയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിയാണ് കഥാപാത്രങ്ങളിലേക്ക് അവരെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സംവിധായകന്‍ വ്യക്തമാക്കി. പ്രിയങ്കയുടെ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സും ഒര്‍ലാന്‍ഡോ ബ്ലൂമിന്റെ അമേസിങ് ഔളും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്.
കാള്‍ അര്‍ബനൊപ്പമുള്ള 'ദ ബ്ലഫ്' എന്ന സിനിമയിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. എസ്.എസ്. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'വാരാണസി'യാണ് പ്രിയങ്കയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം. 2027 ഏപ്രില്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.