
'ആനി ഹാള്‍', ദി ഗോഡ്ഫാദര്‍ എന്നീ ചിത്രങ്ങളിലെ ഐക്കണിക് വേഷങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് ഇതിഹാസനടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു. 79 വയസായിരുന്നു. 'ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല, ഈ വലിയ ദുഃഖത്തില്‍ അവരുടെ കുടുംബം സ്വകാര്യത ആവശ്യപ്പെട്ടിട്ടുണ്ട്...' അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു.
1946-ല്‍ ലോസ് ഏഞ്ചല്‍സിലാണ് താരം ജനിച്ചത്. ഡയാന്‍ ഹാള്‍ എന്നായിരുന്നു യഥാര്‍ഥ പേര്. നാല് മക്കളില്‍ മൂത്തവളായിരുന്നു ഡയാന്‍. അച്ഛന്‍ സിവില്‍ എഞ്ചിനീയറായിരുന്നു. അമ്മയാണ് കീറ്റന്റെ സര്‍ഗാത്മകജീവിതത്തിനു പ്രചോദനമായത്. കീറ്റണ്‍ സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. പിന്നീട് കോളജില്‍ നാടകം പഠിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് താമസംമാറുകയും നാടകരംഗത്ത് സജീവമാകുകയും ചെയ്തു. തന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ അവര്‍ അമ്മയുടെ ആദ്യനാമമായ കീറ്റണ്‍ എന്ന് പേരു സ്വീകരിക്കുകയായിരുന്നു.
1972ല്‍ പുറത്തിറങ്ങിയ 'ദി ഗോഡ്ഫാദര്‍' എന്ന ചിത്രത്തിലൂടെയാണ് ഡയാന്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയത്. ചിത്രത്തില്‍ അല്‍ പാച്ചിനോയ്ക്കൊപ്പം കേ ആഡംസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടര്‍ന്ന് 'ദി ഗോഡ്ഫാദര്‍ പാര്‍ട്ട്-2,', 'ദി ഗോഡ്ഫാദര്‍ പാര്‍ട്ട്-3' എന്നീ ചിത്രങ്ങളിലും അവര്‍ അതേ വേഷം ആവര്‍ത്തിച്ചു. 1977ല്‍, വുഡി അല്ലന്റെ 'ആനി ഹാളി'ലെ അഭിനയത്തിന് കീറ്റണിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചു.
'ദി ഫസ്റ്റ് വൈവ്‌സ് ക്ലബ്', 'ഫാദര്‍ ഓഫ് ദി ബ്രൈഡ്', 'ബേബി ബൂം', 'സംതിങ്സ് ഗോട്ട ഗിവ്' തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയപ്രകടനംകൊണ്ട് അവര്‍ ഹോളിവുഡിലെ ഏറ്റവും ആദരണീയായ താരങ്ങളില്‍ ഒരാളായി മാറി. ഇത് അവര്‍ക്ക് വീണ്ടും ഓസ്‌കര്‍ നോമിനേഷന്‍ നേടിക്കൊടുത്തു. വുഡി അല്ലന്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള, നാന്‍സി മേയേഴ്സ് എന്നിവരോടൊപ്പം അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു.
1987-ല്‍ പുറത്തിറങ്ങിയ 'ഹെവന്‍' എന്ന ഡോക്യുമെന്ററിയും 2000-ല്‍ പുറത്തിറങ്ങിയ 'ഹാംങ്ങിങ് അപ്പ്' എന്ന ഫീച്ചര്‍ ഫിലിമും ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ കീറ്റണ്‍ സംവിധാനം ചെയ്തു. സമീപ വര്‍ഷങ്ങളില്‍, 'ബുക്ക് ക്ലബ്ബിലും' അതിന്റെ തുടര്‍ഭാഗങ്ങളിലും, ജസ്റ്റിന്‍ ബീബറിന്റെ 2021-ല്‍ പുറത്തിറങ്ങിയ 'ഗോസ്റ്റ്' എന്ന മ്യൂസിക് വീഡിയോയിലും അവര്‍ പ്രത്യക്ഷപ്പെട്ടു.
വിവാഹം കഴിച്ചിട്ടില്ലെങ്കിലും കീറ്റണ്‍ വാറന്‍ ബീറ്റി, അല്‍ പാച്ചിനോ, വുഡി അല്ലന്‍ എന്നിവരുമായി പ്രണയത്തിലായിരുന്നു. 1996-ല്‍ ഡെക്സ്റ്റര്‍ എന്ന പെൺകുട്ടിയെയും 2001-ല്‍ ഡ്യൂക്ക് എന്ന ആൺകുട്ടിയെയും അവര്‍ ദത്തെടുത്തു.