

പ്രശസ്തമായ 'ഗ്രെംലിന്‍സ്' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്റെ റിലീസ് തിയതി മാറ്റിവെച്ചു. മുമ്പ് പ്രഖ്യാപിച്ചതിലും ഒരു വര്‍ഷത്തോളം വൈകിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യം 2027 നവംബര്‍ 19-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ വിവരമനുസരിച്ച്, ചിത്രം 2028 ഒക്ടോബര്‍ ആറിനു മാത്രമേ പ്രേക്ഷകരിലേക്ക് എത്തൂ.
വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദ്യ രണ്ട് ഭാഗങ്ങളുടെയും തിരക്കഥാകൃത്തായിരുന്ന ക്രിസ് കൊളംബസ് ആണ്. ക്രിസ് കൊളംബസ്, ആദം സ്റ്റെയിന്‍, സാക്ക് ലിപോവ്‌സ്‌കി എന്നിവരുടെ ആദ്യ കരട് തിരക്കഥയെ അടിസ്ഥാനമാക്കി ഹന്ന മാര്‍ക്ക്‌സ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
1984-ലാണ് ഈ ഹൊറര്‍-കോമഡി ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ 'ഗ്രെംലിന്‍സ്' പുറത്തിറങ്ങുന്നത്. ബില്ലി എന്ന ചെറുപ്പക്കാരന് 'മൊഗ്വായ്' എന്ന നിഗൂഢവും മനോഹരവുമായ ഒരു ജീവിയെ ലഭിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അര്‍ധരാത്രിക്കുശേഷം ചില പ്രധാന നിബന്ധനകള്‍ തെറ്റിക്കുന്നതോടെ നഗരത്തില്‍ വലിയ അരാജകത്വം സൃഷ്ടിക്കപ്പെടുന്നതാണ് കഥ.
1990-ല്‍ രണ്ടാം ഭാഗം പുറത്തുവന്നെങ്കിലും ആദ്യ ഭാഗം പോലെ വലിയ വിജയം നേടിയില്ല. എന്നാലും, പില്‍ക്കാലത്ത് ഈ സിനിമയ്ക്ക് ലഭിച്ച വലിയ ജനപ്രീതിയും 'കള്‍ട്ട് സ്റ്റാറ്റസുമാണ്' മൂന്നാം ഭാഗമെന്ന ആശയത്തിന് വീണ്ടും ജീവന്‍ നല്‍കിയത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുന്നത്.