
ജൂലായ് 11ന് ലോകമെമ്പാടും റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രമാണ് 'സൂപ്പര്‍മാന്‍'. ഇപ്പോള്‍, പ്രിവ്യൂ ഷോ കണ്ടവര്‍ ചിത്രത്തെക്കുറിച്ചെഴുതിയ റിവ്യൂ ആണ് ചര്‍ച്ച. 'ഭയാനകം' എന്നാണ് പ്രിവ്യൂ ഷോ കണ്ടവര്‍ പറഞ്ഞത്. ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രവും സൂപ്പര്‍മാന്‍ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ റീബൂട്ടുമായ ജെയിംസ് ഗണ്ണിന്റെ പുതിയ 'സൂപ്പര്‍മാന്‍' സിനിമയ്ക്ക്, റിലീസ് ആകുന്നതിനുമുമ്പേ ഒരു നെഗറ്റീവ് റിവ്യൂവില്‍ തട്ടി കാലിടറി എന്നുവേണം പറയാന്‍.
ഡേവിഡ് കോറന്‍സ്വെറ്റ് സൂപ്പര്‍മാന്‍ ആയി അഭിനയിച്ച ചിത്രം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ആരും അതേക്കുറിച്ച് തുറന്നെഴുതിയില്ല. ചിത്രത്തെക്കുറിച്ചുള്ള അവലോകനങ്ങള്‍ വിലക്കിയിട്ടുണ്ടെങ്കിലും 'ഡെയ്ലി ബീസ്റ്റ്' ചിത്രത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ആണ് എഴുതിയത്. ചിത്രത്തിനെതിരേ വന്‍വിമര്‍ശനം ഉന്നയിച്ച അവര്‍ 'സൂപ്പര്‍ഹീറോ ശവപ്പെട്ടിയിലെ അവസാനത്തെ ആണി' എന്നാണ് അതിനെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിനുശേഷം വരേണ്ട റിവ്യൂ മുമ്പുതന്നെ പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
തിങ്കളാഴ്ചയാണ് റിവ്യൂ പ്രസിദ്ധീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, നെറ്റിസണ്‍സ് സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പരന്നു. റെഡിറ്റിലുൾപ്പെടെ ഇത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. സാങ്കേതികത്തകരാര്‍ ഉള്‍പ്പെടെയുള്ള വീഴ്ചകളാണ് ഡെയ്‌ലി ബീസ്റ്റ് നല്‍കിയത്.
ഡേവിഡ് കോറന്‍സ്വെറ്റിന് പുറമെ, റേച്ചല്‍ ബ്രോസ്നഹാന്‍, നിക്കോളാസ് ഹോള്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.