

ഹോമറിന്റെ ഗ്രീക്ക് ഇതിഹാസകാവ്യം ഒഡീസി, ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരില്‍നിന്ന് വന്‍ സ്വീകരണമാണ് ഈ അഭ്രകാവ്യത്തിനു ലഭിക്കുന്നത്.
പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ പകര്‍ത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമായി മാറി. വെറുമൊരു യുദ്ധചിത്രം എന്നതിനപ്പുറം, യുദ്ധം അവശേഷിപ്പിക്കുന്ന മാനസിക ആഘാതങ്ങളെയും കുറ്റബോധത്തെയും നോളന്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ചിത്രത്തില്‍. ഐ മാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിട്ടും വൻതിരക്കാണ് സിനിമ കാണാൻ.
ട്രോജന്‍ യുദ്ധത്തിനുശേഷം ഒഡീസിയസിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയാണു ചിത്രത്തിന്റെ പ്രമേയം. വെറുമൊരു വിഷ്വല്‍ എഫക്റ്റ്‌സ് അഭ്യാസമാക്കാതെ, ഐമാക്‌സ് ക്യാമറകളുടെ സഹായത്തോടെ യഥാര്‍ഥ ലൊക്കേഷനുകളിലാണ് നോളന്‍ ഓരോ രംഗവും സൂഷ്മതയോടെ പകര്‍ത്തിയത്.
അതുകൊണ്ടുതന്നെ ഇതിലെ യുദ്ധരംഗങ്ങള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും വലിയ ദൃശ്യഭംഗിയുണ്ട്. ട്രോജന്‍ കുതിരയെ ഉപയോഗിച്ച് ട്രോയ് നഗരം കീഴടക്കിയതിലൂടെ നിരപരാധികളായ ഒട്ടനവധി മനുഷ്യരുടെ മരണത്തിനു കാരണക്കാരനായ ഒഡീസിയസ് അനുഭവിക്കുന്ന ആന്തരികമായ കുറ്റബോധത്തെയാണ് നോളന്‍ ഈ സിനിമയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ഒഡീസിയസായി വേഷമിട്ട മാറ്റ് ഡാമന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നത്. അജയ്യനായ നായകനായല്ല, മറിച്ച് തന്റെ തീരുമാനങ്ങളുടെ ആഘാതത്തില്‍ തളര്‍ന്നുപോകുന്ന സാധാരണ മനുഷ്യനായി അദ്ദേഹം ജീവിക്കുകയായിരുന്നു. ഒഡീസിയസിന്റെ ഭാര്യ പെനിലോപ്പിയായി എത്തിയ ആനി ഹാത്വേ, മകന്‍ ടെലിമാക്കസായി അഭിനയിച്ച ടോം ഹോളണ്ട് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍.
അഥീന ദേവതയായി എത്തിയ സെന്‍ഡയയുടെ കഥാപാത്രം ചിത്രത്തില്‍ ഏറെ സര്‍പ്രൈസുകള്‍ നിറഞ്ഞതാണ്. ഹെലന്‍ ഓഫ് ട്രോയ് ആയി എത്തിയ ലുപിത ന്യോംഗോയുടെ വേഷവും വ്യത്യസ്തമായിരുന്നു. റോബര്‍ട്ട് പാറ്റിന്‍സണ്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയപ്പോള്‍, ലുഡ്വിഗ് ഗൊറാന്‍സന്റെ പശ്ചാത്തല സംഗീതവും ഹോയ്ത വാന്‍ ഹോയ്തമയുടെ ഛായാഗ്രഹണവും സിനിമയുടെ അന്തരീക്ഷത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്.