
രണ്ടുവർഷം മുമ്പ് 'മാതൃഭൂമി' നടത്തുന്ന 'ക' സാഹിത്യോത്സവം കാണാൻ പോയി. ഓലകൊണ്ട് മേഞ്ഞതാണ് പ്രധാനവേദി. വൈകുന്നേരം ചെന്നുകയറുമ്പോൾ കണ്ട കാഴ്ച പണ്ട് ഓലക്കൊട്ടകകളിൽ ഫസ്റ്റ്ഷോയ്ക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ സിനിമ കാണാൻ ആളുകൾ ഇടിച്ചുകുത്തി കയറുന്നതുപോലെ അതിലേക്ക് ജനം തിക്കിക്കയറുന്നതാണ്. പന്തലിനകത്ത് നിന്നുതിരിയാൻ സ്ഥലമില്ല. എന്നിട്ടും വരുന്നവരൊക്കെ കിട്ടിയസ്ഥലത്ത് കാലുകുത്തിവച്ചുകൊണ്ട് എത്തിവലിഞ്ഞുവേദിയിലേക്ക് നോക്കുന്നു. ആരപ്പാ ഇത്രയും വലിയ ആളെപ്പിടിയൻ എന്നറിയാൻ കിട്ടിയ ഒരു പഴുതിലൂടെ നാട്ടനൂണ്ട് അകത്തെ അന്തരീക്ഷത്തിലേക്ക് തലയെത്തിച്ചു. വേദിയിലിരുന്ന് സംസാരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.
ചെന്നതും കേട്ടതിങ്ങനെയാണ്: "ഒരുപാട് അറിവുള്ളവർക്ക് ധാർഷ്ട്യവും പുച്ഛവും അഹങ്കാരവുമൊക്കെയുണ്ടാകും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെങ്കിൽ അവൻ ഭൂലോകതോൽവിയാണ്."
സാധാരണ ഇത്തരം ഫെസ്റ്റിവലുകൾക്കെത്തുന്നവരിൽ കുറേ ജീവികളുടെ മുഖത്തെ സ്ഥായിയായ ഭാവം എല്ലാമറിയാമെന്ന അഹങ്കാരമാണ്. ലോകത്തെ ഏതാണ്ട് എല്ലാം വായിച്ചുതള്ളിയെന്ന മട്ടിലാണ് നടത്തം. ഫിലിംഫെസ്റ്റിവലിലാണെങ്കിൽ ക്ലാസ്സിക്കുകൾ എല്ലാം കലക്കിക്കുടിച്ചതിന്റെ തലക്കനം. ഇങ്ങനെ ഇബനുബത്തൂത്ത മുതൽ ഇങ്ഗർ ബർഗ്മാൻ വരെയുള്ളവരാണ് നമ്മുടെ കമ്പനിടീംസ് എന്നു പറയാതെപറഞ്ഞും ചേഷ്ടകൾ കൊണ്ട് ഭാവിച്ചും ജീവിക്കുന്ന ജനുസ്സുകളുടെ മുഖത്തേക്ക് കൂടിയുള്ള അടി പ്രായത്തിൽ നമ്മുടെ മകനോളമുള്ള ചെക്കൻ കൊടുക്കുന്നതുകണ്ടപ്പോൾ ഒരു നിഗൂഢാനന്ദം.
അതാകട്ടെ സ്വന്തം അച്ഛനെ മറപിടിച്ചുകൊണ്ടായിരുന്നു എന്നതാണ് കാലുവേദനിച്ചെങ്കിലും കുറേനേരം കൂടി അവിടെ തുടരാനുണ്ടായ പ്രേരണ. ശ്രീനിവാസൻ റോസ്റ്റിന്റെ മണം ചുറ്റും ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു. ലോകത്തെ മുഴുവൻ പരിഹസിക്കുന്ന സ്വന്തം അച്ഛനെ പ്രതീകമാക്കിക്കൊണ്ട് ഒരു മകൻ പറയുകയാണ്, 'തിരിച്ചറിവില്ലെങ്കിൽ അറിവുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും എന്റെ അച്ഛന് അത്തരം തിരിച്ചറിവില്ലെ'ന്നും. ഞാനെന്ന അച്ഛനും ആ മകനാൽ പ്രബുദ്ധനായി. സത്യംപറഞ്ഞാൽ ആ നിമിഷം തൊട്ടാണ് ധ്യാൻ ശ്രീനിവാസനെ സീരിയസായി കാണാൻ തുടങ്ങിയത്. അതിനുമുമ്പ് യൂട്യൂബ് ചാനലുകളിൽ കേറിയിരുന്ന് വാതോരാതെ എന്തൊക്കയോ പറയുന്ന കാമ്പില്ലാപ്പയ്യൻസെന്ന് മാത്രമേ കരുതിയുള്ളൂ. പക്ഷേ അന്നേദിവസത്തിനുശേഷം ധാരണ അപ്പാടെ മാറി. വീട്ടിലേക്ക് മടങ്ങുമ്പോൾ ക യുടെ സഞ്ചിക്കുള്ളിൽ ചില ധ്യാൻവചനങ്ങൾ ഏത്തക്കപോലെ ഒപ്പം പോന്നു.
അതിനുശേഷം ധ്യാൻശ്രീനിവാസനെ നിരീക്ഷിക്കാൻ തുടങ്ങി. അയാളുടെ സിനിമകളെക്കുറിച്ചുള്ള യൂട്യൂബ് റിവ്യൂകൾ,സിനിമ റിലീസിനുമുന്നോടിയായുള്ള ഇന്റർവ്യൂകൾ,പഴയ ചില അഭിമുഖങ്ങൾ ഒക്കെ കണ്ടു. അതിൽ നിന്ന് പരുവപ്പെടുത്തിയെടുത്ത ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. ഇപ്പോൾ ആരെങ്കിലും ശ്രീനിവാസൻ സൃഷ്ടിച്ച ഏറ്റവും നിഷ്കളങ്കമായ കഥാപാത്രത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ഈയുള്ളവന്റെയുത്തരം ധ്യാൻ ശ്രീനിവാസൻ എന്നാകും. ഏറ്റവും ബുദ്ധിമാനായ കഥാപാത്രത്തിന്റെ പേരുപറയാൻ പറഞ്ഞാലും ഉത്തരം അതുതന്നെ. അയാൾ ഇന്ന് മലയാളസിനിമയിലുള്ള ഏറ്റവും സുതാര്യനായ,ബുദ്ധിമാനായ മനുഷ്യനാണ്. മാത്രവുമല്ല,അയാളിൽ ഒരുപാട് പേരെ രക്ഷിക്കുന്ന പുണ്യാളനുമുണ്ട്.
ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും വലിയ പ്രത്യേകത അയാൾ മറയില്ലാതെ സംസാരിക്കുന്നു എന്നതാണ്. ഒരാൾക്ക് വാക്കുകളിൽ എങ്ങനെ ഇത്രത്തോളം നഗ്നനാകാൻ സാധിക്കുന്നു എന്നത് പഠനവിഷയമാക്കേണ്ട സംഗതിയാണ്. ഒരിക്കൽ രാസലഹരി ഉപയോഗിച്ചിരുന്നു എന്ന് പറയാൻ അയാൾക്ക് ഒരുമടിയുമുണ്ടായില്ല. അച്ഛന് മുന്നിൽ മദ്യപിച്ചുചെന്നതിനെക്കുറിച്ചും വഴക്കിട്ടതിനെക്കുറിച്ചുമൊക്കെ ധ്യാൻ പറയുന്നത് ലവലേശം ഒളിവില്ലാതെയാണ്. ഹ്രൈബിഡ് കഞ്ചാവുമായി പിടിക്കപ്പെട്ട സൂപ്പർഹിറ്റ് യുവസംവിധായകൻ പോലീസിനോട് പറഞ്ഞത് താൻ സംവിധായകനാണെന്നല്ല,'മഞ്ഞുമ്മൽ ബോയ്സി'ൽ ചെറിയ വേഷത്തിൽ അഭിനയിച്ചയാളാണെന്നാണ്. അത്തരം രഹസ്യമനുഷ്യന്മാർക്കുമുന്നിലാണ് ധ്യാൻ ശ്രീനിവാസൻ സ്വയം പരസ്യമാകുന്നത്. അങ്ങനെനോക്കുമ്പോൾ മലയാളസിനിമയ്ക്ക് ഇന്ന് ധ്യാനോളം നല്ല പരസ്യമില്ല. കാരണം അയാൾ മറയില്ലാമനുഷ്യരുടെ പ്രതിനിധിയാണ്. ഇത്തരം മനുഷ്യരാണ് ഇവിടെ എന്ന് ലോകത്തോട് വിളിച്ചുപറയാൻ മലയാളത്തിന് ആ പരസ്യം ധാരാളമല്ലേ?
പക്ഷേ സിനിമ ഒരിക്കലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. ഇത്രയും സുതാര്യത ആ വ്യവസായത്തിൽ ഒരാൾപോലും ആഗ്രഹിക്കുന്നുമില്ല. അത് അവിടെ ആവശ്യമില്ല എന്നുപറയുന്നതാകും ശരി. പ്രതിഫലക്കണക്കിൽ മുതൽ ഫോൺലോക്കിന്റെ പാറ്റേണിൽവരെ രഹസ്യത്തിന്റെ ഗുണാകേവുകൾ കുഴിച്ചുവച്ചിരിക്കുന്നവർക്കിടയിൽ ധ്യാൻശ്രീനിവാസൻ വലിയൊരു ചിരിയായി മാറുന്നത് അങ്ങനെയാണ്.
പക്ഷേ അയാൾ സ്വയം പലതും ഏറ്റുപറഞ്ഞും തുറന്നടിച്ചും സൃഷ്ടിക്കുന്ന ചിരിയിൽ തന്നെത്തന്നെ ട്രോളുന്ന അഭിനവചാക്യാരെക്കാണാം. അത് അച്ഛൻ ശ്രീനിവാസൻ സൃഷ്ടിച്ച ആത്മപരിഹാസശൈലിയുടെ ന്യൂജനറേഷൻ വേർഷനാണ്. 'ആദ്യം ശ്രീനിവാസനെ മനസ്സിലാക്കൂ,എന്നിട്ട് വിമർശിക്കൂ...'എന്ന് മറ്റേ 'പഠിച്ചിട്ട് വിർശിക്കൂ ശുഹൃത്തേ' ശൈലിയിൽ ഒരു കേശവമ്മാമൻ 'ക' യിലെ ചോദ്യോത്തരസമയത്ത് ധ്യാനിനോട് പറഞ്ഞു. "ശ്രീനിവാസനെ ഏറ്റവും അടുത്തു മനസ്സിലാക്കിയ ആൾ ഞാനാ. എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയിടത്തോളം ചേട്ടൻ മനസ്സിലാക്കിക്കാണില്ല..."
എന്നായിരുന്നു ധ്യാനിന്റെ മറുപടി. അച്ഛനെപ്പോലും തിരുത്തിക്കൊണ്ട് ആത്മവിമർശനത്തിൽ തന്റേതായ ഒരിടം സൃഷ്ടിക്കുന്നിടത്താണ് ധ്യാനിന്റെ 'വർത്തമാന'പ്രസക്തി. (ആ മാമനോട് ധ്യാൻ പിന്നീട് പറഞ്ഞതുകേട്ടപ്പോൾ ഈ ചെറുപ്പക്കാരനിൽ ശ്രീനിവാസനിൽ പരസ്യമായി കാണാനാകാത്ത ആർദ്രത എന്ന വികാരം കൂടിയുള്ളതായി തോന്നി. "ഇതൊക്കെപ്പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് ലോകത്തിൽ എന്തും"-ഇങ്ങനെയാണ് ധ്യാൻ പറഞ്ഞത്.)
സഹോദരനുമായോ സഹോദരിയുമായോ ഉള്ള താരതമ്യപ്പെടുത്തലുകൾ ഒരു കുട്ടിയെ എങ്ങനെയൊക്കെ ആക്കിത്തീർക്കും എന്നതിന്റെ കഥയും ധ്യാൻ പറയുന്നത് സ്വന്തം ജീവിതത്തിൽതൊട്ടാണ്. പേരന്റിങ്ങിന്റെ പാഠങ്ങളാണ് അപ്പോൾ അയാൾ പകരുന്നത്. വിനീതൻ എന്നർഥം കല്പിക്കാവുന്ന വിനീത് എന്നുപേരുപോലും അയാളുടെ ബാല്യകാലജീവിത്തിൽ വില്ലൻ ആയി മാറുമ്പോൾ അതിലുള്ളത് എല്ലാവരുമുണ്ടായിട്ടും ഒറ്റയായിപ്പോകേണ്ടിവന്ന ജീവിതാനുഭവത്തിന്റെ പൊള്ളലാണ്.
ഈ വിനീതൻ എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പണ്ട് സ്വയം പറയുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഞാനെന്ന വിനീതൻ സിനിമയുമായി യാതൊരു തരത്തിലും ബന്ധമുള്ളയാളല്ല. കണക്കിന്റെ ലോകത്താണ് നമ്മുടെ കളി. അത് ഉറ്റവരായ ചില സിനിമാസുഹൃത്തുക്കൾക്ക് ഒരു പരോപകാരമെന്ന നിലയിൽ പ്രതിഫലം വാങ്ങി പ്രയോജനപ്പെടുത്തിക്കൊടുക്കാറുമുണ്ട്. അവരിൽനിന്ന് കേട്ടറിവുള്ള ചില സംഗതികൾ പ്രകാരം ധ്യാൻ ശ്രീനിവാസന് മലയാളത്തിലെ പുതുതലമുറ നായകരുടേതായ യാതൊരു ശാഠ്യങ്ങളുമില്ല. നായകരുടെ പ്രധാന നിബന്ധന നായികയാണ്. പക്ഷേ പലപ്പോഴും അവർ പറയുന്ന നായികയെത്തേടിച്ചെല്ലുമ്പോൾ കേൾക്കുന്ന നിബന്ധനകൾ സർക്കാരോഫീസിലെ പോക്കുവരത്ത് സർട്ടിഫിക്കറ്റിന് വേണ്ടതിനേക്കാൾ ദുർഘടം പിടിച്ചതത്രേ. കഥ കേൾക്കാൻ വാഴക്കൂമ്പ് കട്ലറ്റ് വേണമെന്നും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകാൻ റേഞ്ച് റോവർ മസ്റ്റ് ആണെന്നും എല്ലാദിവസവും തനിക്ക് മാത്രമായി സെറ്റിൽ ഇന്നോവ ക്രിസ്റ്റ വേണമെന്നും പറയുന്ന നായികമാരെക്കുറിച്ച് പറഞ്ഞശേഷം സിനിമാച്ചങ്ങാതിമാർ ഉപസംഹരിച്ചു. 'ധ്യാനാകുമ്പോ ആ കുഴപ്പമൊന്നുമില്ല. ആരുടെ കൂടെയും അഭിനയിച്ചോളും.' മേഖല കണക്കായതിനാൽ ചിന്ത അങ്ങോട്ടാണ് പോയത്. അങ്ങനെനോക്കിയാൽ ധ്യാനിനെ നായകനാക്കിയാൽ നായികയ്ക്ക് വേണ്ടിവരുന്ന അൺവാണ്ടഡ് എക്സ്പെൻഡിച്ചർ പൂർണമായങ്ങ് ഒഴിവാക്കാമല്ലോ. ആ വഴിയിൽ ധ്യാൻ ധൂർത്തനല്ലാത്ത പുത്രനുമാകുന്നു. അഥവാ അയാളൊരു ലാഭക്കച്ചവടവുമാകുന്നു.
അപ്പോൾ പിന്നെ പൊട്ടുന്ന പടങ്ങളും അതുവഴി നിർമാതാവിനുണ്ടാകുന്ന കോടികളുടെ നഷ്ടവും എന്ന വാദം ഉന്നയിക്കാൻ വരട്ടെ. അതിനുമുമ്പ് ഒന്ന് ചോദിക്കട്ടെ. ഇവിടെ യൂത്ത് എന്നുപറയുന്ന വിഭാഗത്തിൽ പെടുന്ന ഏതുനായകനാണ് തുടരെ ഹിറ്റുകളുണ്ടാക്കുന്നത്? ധ്യാനിനേക്കാൾ വലിയ പരാജയചിത്രങ്ങളുടെ പരമ്പരകളുള്ളവരാണ് ബാക്കിയുള്ളവരും. അണഞ്ഞുപോയ തീപ്പൊരിയും പല്ലുകൊഴിഞ്ഞ നരിയും മാനും മയിലും പതിനാറ് പായ്ക്ക് മസിലും ക്വിന്റലിടിയുമൊക്കെ ഒരു കണക്കുപുസ്തകത്തിലും ഇടം പിടിക്കുന്നില്ല. തള്ളിപ്പെരുപ്പിച്ചുണ്ടാക്കുന്ന കോടികളുടെ പുറത്തുമാത്രം നിലനിന്നുപോകുന്ന ചിലരുമുണ്ട് ഇക്കൂട്ടത്തിൽ. നിർമാതാക്കൾ ബാലൻസ് ഷീറ്റ് പുറത്തുവിട്ടുതുടങ്ങിയപ്പോൾ പലർക്കും അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടതും അതുകൊണ്ടുതന്നെ. എന്നിട്ടും അവരെയാരും ബോംബ് സ്റ്റാർ എന്നുവിളിക്കുന്നില്ല. യഥാർഥത്തിൽ മറ്റുള്ളവരുടേത് ആറ്റംബോംബുകളാണ്. അതുവെച്ച് നോക്കുമ്പോൾ ധ്യാനിന്റേത് ഒരുകാലത്ത് കണ്ണൂരിൽപൊട്ടിക്കൊണ്ടിരുന്നവയുടെ അത്രയും മാത്രമേയുള്ളൂ.
പക്ഷേ ധ്യാൻ ആ വിളിയും ചിരിയോടെ ഏറ്റുവാങ്ങുന്നു. സത്യത്തിൽ മറ്റുള്ളവരുടെ പരാജയങ്ങളുടെ ഭാരം കൂടി ഏറ്റുവാങ്ങിക്കൊണ്ടാണ് അയാൾ സ്വയം ബോംബായി പൊട്ടിത്തെറിക്കുന്നത്. മുന്നിലൊരു ധ്യാൻ ശ്രീനിവാസൻ ഉള്ളതുകൊണ്ട് പലർക്കും അതിനുപിന്നിൽ ഒളിക്കാനാകുന്നു. അത്തരത്തിൽ സഹപ്രവർത്തകർക്കുവേണ്ടി ചാവേറാകുകയും അവർക്കൊളിക്കാൻ മതിലായി മാറുകയും ചെയ്യുമ്പോൾ ധ്യാൻ ശ്രീനിവാസനോട് ഇന്നത്തെ മലയാളസിനിമയും യുവനായകരും കടപ്പെട്ടിരിക്കണം എന്നുകൂടി പറയേണ്ടതുണ്ട്. അവിടെ നിഷ്കളങ്കനും ബുദ്ധിമാനുമൊപ്പം ധ്യാൻ ഒരു ധീരനും ചുമടുതാങ്ങിയും കൂടിയായിത്തീരുന്നു.
ഇടുക്കിയിലെ തോപ്രാംകുടിയിൽ നിന്ന് മലയിറങ്ങിയും കാസർകോട്ടെ കുമ്പളയിൽ നിന്ന് മലബാർ എക്സ്പ്രസ് പിടിച്ചുമൊക്കെ കൊച്ചിയിലെത്തിയവർ തുടങ്ങിയ യൂട്യൂബ് ചാനലുകൾക്ക് നാലുനേരം അന്നംകൊടുക്കുന്നതും ധ്യാൻ ശ്രീനിവാസനാണ്. അയാളെപ്രതി(പ്രതിയാക്കി എന്നുംപറയാം) അത്താഴം വാങ്ങിക്കാത്ത യൂട്യൂബുകാരില്ല. തനിക്ക് മുമ്പിലെത്തുന്നവരുടെ വലിപ്പച്ചെറുപ്പം നോക്കാതെ ധ്യാൻ സ്വയം വിളമ്പിവച്ചുകൊടുക്കുന്നു. അവരതെടുത്ത് മറ്റുള്ളവർക്ക് കൊടുക്കുന്നു. അങ്ങനെ അരിച്ചെലവിനുള്ള കാശൊപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ധ്യാൻ അനേകരുടെ അന്നദാതാവ് കൂടിയാണ്. അല്ലെങ്കിൽ ഒരുപാട് പേർക്ക് തൊഴിൽകൊടുക്കുന്ന ഒരു വ്യവസായസ്ഥാപനം. വിഷുദിനത്തിൽ മുന്നിൽവന്ന യൂട്യൂബർമാർക്കൊക്കെ അഞ്ഞൂറുരൂപകൊടുത്ത ധ്യാനിനെ അഴകിയ രാവണനിലെ ശങ്കർദാസിനോട് ഉപമിച്ചുപറഞ്ഞ സിനിമാസുഹൃത്തിനോട് പറഞ്ഞത് തന്നെ പറയട്ടെ. 'അതിനെ അല്പത്തരം എന്നല്ല,അലിവ് എന്നുവിളിച്ചാൽ എന്താണ് കുഴപ്പം?' ആകയാൽ എല്ലാവരെയും ഒരേപോലെ കാണുന്ന സോഷ്യലിസ്റ്റായ മുതലാളിയെന്നും ധ്യാൻ ശ്രീനിവാസനെ വിളിക്കാം.
ഇനി ധ്യാനിന്റെ സിനിമകളുടെ സാമ്പത്തികശാസ്ത്രം പരിശോധിക്കാം. ഒരുപക്ഷേ മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പുതിയ സംവിധായകർ അരങ്ങേറിയത് ധ്യാൻശ്രീനിവാസൻ സിനിമകളിലൂടെയാകാം. 72 വയസ്സുള്ള എസ്.എൻ.സ്വാമി വരെ അക്കൂട്ടത്തിലുണ്ട്. മുന്നിൽ വരുന്ന ആരെയും അഷ്ടലക്ഷണങ്ങൾ തികഞ്ഞ കഥയുമായി വരാൻ പറഞ്ഞ് തിരിച്ചയയ്ക്കാറില്ലാത്തതുകൊണ്ടാണ് ആഴ്ചതോറും ധ്യാൻശ്രീനിവാസൻ സിനിമകളുണ്ടാകുന്നത്. സ്വാമി മറ്റാരെയും സമീപിക്കാതെയായിരിക്കും ധ്യാനിനടുത്ത് ചെന്നതെന്ന് നിഷ്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ? അവിടെയാണ് അലിവ് എന്ന വാക്ക് മറ്റൊരർഥത്തിൽ കാണാനാകുക.
ഈ ചിത്രങ്ങളുടെയൊക്കെ ബജറ്റ് പരമാവധി അഞ്ചുകോടിയാണ്. പക്ഷേ മേൽപ്പറഞ്ഞ ആറ്റംബോംബുകളുടെ നിർമാണത്തിന് ചെലവാകുന്നത് മുപ്പതും നാല്പതും കോടികളാണ്. ധ്യാനിന്റെ അഞ്ചുകോടി മുടക്കിയ സിനിമയ്ക്ക് സാറ്റലൈറ്റ്-ഒ.ടി.ടിഅവകാശമുൾപ്പെടെ ഏതാണ്ട് രണ്ടുരണ്ടരകോടി പിരിഞ്ഞുകിട്ടുമ്പോൾ ആറ്റംബോംബ് നായകരുടെ നാല്പതുകോടിക്ക് കിട്ടുന്നത് ഏതാണ്ട് നാലുനാലരക്കോടിയാണ്. അപ്പോൾ ഏതാണ് ലാഭകരം? ഏതാണ് മാരകബോംബ്?
കഴിഞ്ഞദിവസം ധ്യാൻ ശ്രീനിവാസൻ പറഞ്ഞതുകേട്ടു, ഭർത്താവ് മരിച്ചതോടെ വിഷാദത്തിലായിപ്പോയ ഒരു സ്ത്രീ അവരുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ ആറേഴുമാസങ്ങൾ അതിജീവിക്കാൻ ശ്രമിച്ചത് തന്റെ അഭിമുഖങ്ങൾ കണ്ടുകൊണ്ടാണെന്ന്. പൊള്ളയായ ചിരിക്കപ്പുറം അയാളുടെ വർത്തമാനം, ജീവിതം തകർന്നുപോയവർക്ക് തിരിച്ചുവരവിലേക്കുള്ള പാതയും അതിജീവനഔഷധവുമാകുന്നിടത്തിട്ടുണ്ട് അതിന്റെ ദാർശനികമായ മാനങ്ങൾ. കേരളത്തിലിപ്പോഴുള്ള ഏറ്റവും മിടുക്കനായ മോട്ടിവേഷണൽ സ്പീക്കറുമാണ് ധ്യാൻ ശ്രീനിവാസൻ.
ആലോചിച്ചുനോക്കൂ,മലയാളസിനിമയിൽ ധ്യാനിന്റെ പ്രായത്തിലുള്ള ഏത് നായകന് അവകാശപ്പെടാനാകും ഇതൊക്കെ. കിട്ടുന്ന പ്രതിഫലത്തിന്റെ പാതിയും കടമായി നല്കുന്നു എന്നുപറയുന്ന മറ്റേതൊരു നായകനെ നിങ്ങൾക്ക് കാട്ടിത്തരാനാകും? അവരിൽ ആരൊക്കെ തയ്യാറാകും സ്വയം ഇത്രയുമധികം നഗ്നനാകാനും സ്വന്തം ജീവിതത്തെ ഒരു പോസ്റ്റ്മോർട്ടം ടേബിളിലെന്നോണം മറ്റുള്ളവർക്കു മുന്നിൽ വച്ചുകൊടുത്തുകൊണ്ട് സ്വയം ശസ്ത്രക്രിയ നടത്താനും മറ്റുള്ളവർക്ക് തിരുത്താനുതകുന്ന ചിലതെങ്കിലും തന്റെ തെറ്റുകളിൽനിന്ന് കണ്ടെടുത്ത് നല്കാനും അനേകർക്ക് അപ്പമാകാനും? രഹസ്യങ്ങൾക്കിടയിൽ സ്വയം മറഞ്ഞുനില്കുന്ന നക്ഷത്രങ്ങൾക്കിടയിൽ സ്വയം കത്തിയെരിയുക എന്നത് നിസ്സാരകാര്യമല്ല.
അതിനേക്കാളുപരി അയാൾ മറ്റുള്ളവരുടെ കണ്ണീരിനെ ചിരിയിലേക്ക് പരിവർത്തനം ചെയ്യിക്കുന്നു എന്നതൊരു പുണ്യകർമമാണ്. അതൊരു പുണ്യാളന് മാത്രം സാധിക്കുന്നതാണ്. അവിടെയാണ് ധ്യാൻ ഒരു പുണ്യാളനാകുന്നത്. മറ്റുള്ളവരുടെ കണ്ണീര് മായ്ക്കുന്നു എന്നതിലൂടെമാത്രമല്ല,സഹജീവികൾക്ക് ഒളിക്കാൻ തനിക്ക് പിന്നിൽ ഒരിടം സൃഷ്ടിക്കുന്നു എന്നതിലൂടെയും,അവർക്കൊക്കെയും വേണ്ടി അമ്പുകളേറ്റുവാങ്ങുന്നതിലൂടെയും ധ്യാൻ പുണ്യാളപ്രവൃത്തി നിർവഹിക്കുന്നു.
ശ്രീനിവാസൻ മക്കൾക്ക് പേരിട്ടപ്പോൾ പോലും ഒരുതരം ബ്ലാക്ക് ഹ്യൂമർ ഉപയോഗിച്ചു എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും വിനീതിന്റെ വിനീതത്വത്തെ ഒന്ന് ഉരച്ചുനോക്കിയാൽ ചെമ്പുതെളിയും. അതുപോലെ ഇളയമകൻ ഭൂലോകതോൽവിയാകും എന്ന് പ്രവചനസ്വഭാവത്തോടെ വിലയിരുത്തിയാകും അവന് സന്യാസത്തോട് അടുത്തുനില്കുന്ന ധ്യാൻ എന്നുപേരിട്ടത്. പക്ഷേ ശ്രീനിവാസന് തെറ്റി. അച്ഛനാണ് തോൽവി എന്ന് പിൽക്കാലം വിളിച്ചുപറഞ്ഞുകൊണ്ട് ഇളയമകൻ ധ്യാനബുദ്ധനോളം നിർമമനും നിഷ്കളങ്കനും നിരാമയനുമാകുുന്നു.
അതെ,മിസ്റ്റർ ധ്യാൻ ശ്രീനിവാസൻ നിങ്ങളൊരു പുണ്യാളനും ധ്യാനബുദ്ധനുമാണ്...