ഷീല
ഷീല ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

'പ്രേക്ഷകരുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ അവാര്‍ഡ്; എനിക്ക് പരാതിയോ, പരിഭവങ്ങളോ ഇല്ല'

ആറുപതിറ്റാണ്ടുപിന്നിട്ട സിനിമാജീവിതത്തെക്കുറിച്ച് ഷീല സംസാരിക്കുന്നു
Published on

മലയാള സിനിമയുടെ നിത്യഹരിത നായികയാണ് ഷീല. ഓരോ മലയാളിയുടെയും മനസിലെ സ്വപ്ന നായികയും. 1963-ല്‍ ആരംഭിച്ച വെള്ളിത്തിരജീവിതം ആറു പതിറ്റാണ്ടു പിന്നിടുമ്പോഴും ഷീല സജീവമാണ്. 1980-ല്‍ 'സ്‌ഫോടനം' എന്ന ചിത്രത്തോടെ താത്കാലികമായി ചലച്ചിത്രജീവിതത്തില്‍ നിന്നു മാറിനിന്ന ഷീല 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മഹാസുബൈര്‍ നിര്‍മിച്ച 'മനസിനക്കരെ' എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. 'യക്ഷഗാനം', 'ശിഖരങ്ങള്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ 'ഒന്നു ചിരിക്കൂ' എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്. 'കുയിലിന്റെ കൂട്' എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ അവാര്‍ഡും മഹാനടിയെ തേടിയെത്തി.

Q

മകള്‍, കാമുകി, സഹോദരി, ഭാര്യ, അമ്മ, മുത്തശ്ശി... അങ്ങനെ നിരവധി കഥാപാത്രങ്ങൾ

A

ക്യാമറയ്ക്കു മുന്നില്‍ അണിയാത്ത വേഷങ്ങളില്ല. എത്രയോ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു. ആവര്‍ത്തനങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടത് നടിയുടെ കഴിവാണ്. അണിഞ്ഞ വേഷങ്ങളെല്ലാം ഒരു സ്ത്രീ തന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നവയാണ്. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു ചെയ്തവയാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അവയുമായി താദാത്മ്യം പ്രാപിക്കലിലും ഞാന്‍ എന്നും ശ്രദ്ധാലുവായിരുന്നു. ഒരു കഥ കേട്ടു കഴിഞ്ഞാല്‍, ആ കഥയിലെ എന്റെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ ചിന്തിച്ച് അതുമായി ഇഴുകിച്ചേര്‍ന്നു മാത്രമേ ഞാന്‍ ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാറുള്ളൂ.

Q

സിനിമയിലേക്കുള്ള വഴി

A

സിനിമയുമായോ മറ്റു കലാരൂപങ്ങളുമായോ ബന്ധമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. എന്റെ അച്ഛന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. കുട്ടിക്കാലത്ത് അയലത്തെ സ്ത്രീ സുഹൃത്തുക്കളുമായി അമ്മയോടൊപ്പം സിനിമ കാണാന്‍ പോയതിന് അച്ഛന്‍ എന്നെയും അമ്മയെയും വഴക്കു പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍ റേഡിയോ പോലും ഉണ്ടായിരുന്നില്ല. ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു.

അതിനും അച്ഛന്റെ കൈയില്‍ നിന്ന് ധാരാളം വഴക്കു കേട്ടു. റെയില്‍വേയിലെ ജീവനക്കാരുടെ നാടകത്തില്‍ അപ്രതീക്ഷിതമായാണ് എനിക്ക് നായികയുടെ വേഷം എടുത്തണിയേണ്ടി വന്നത്. നാടകത്തിന്റെ റിഹേഴ്‌സല്‍ ഞാന്‍ ഒളിച്ചിരുന്നു കാണുമായിരുന്നു. അങ്ങനെ നായികയുടെ ഡയലോഗുകള്‍ ഞാന്‍ കാണാപ്പാഠം പഠിച്ചിരുന്നു. നാടകം രംഗത്ത് അവതരിപ്പിക്കേണ്ട സമയത്ത് നായികയായി അഭിനയിക്കുന്ന കുട്ടി വന്നില്ല. പകരം ഞാന്‍ സ്റ്റേജില്‍ കയറുകയായിരുന്നു.

അക്കാലത്താണ് അച്ഛന്റെ മരണം. അന്ന് ഞങ്ങള്‍ ട്രിച്ചിയിലായിരുന്നു താമസം. പത്ത് മക്കളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ട കാലമായിരുന്നു. അമ്മയുടെ സഹോദരിമാര്‍ ഞങ്ങളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. എസ്.എസ്. രാജേന്ദ്രനുമായുള്ള പരിചയം അഭിനയരംഗത്തെത്തിച്ചു. ചെന്നൈയിലേക്ക് താമസം മാറ്റി. രാജേന്ദ്രന്റെ 'തെന്‍പാണ്ടി വീരന്‍' എന്ന നാടകത്തില്‍ അഭിനയിച്ചു. തമിഴ് എനിക്ക് ശരിക്കും വഴങ്ങുന്നുണ്ടായിരുന്നില്ല. അത് അഭിനയത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ ബാധിച്ചതായി എനിക്കു തോന്നിയിരുന്നു. എന്റെ ഭാഗ്യത്തിന് എംജിആറും തമിഴ് ഡയറക്ടറുമായ രാമണ്ണയും നാടകം കാണാന്‍ എത്തിയിരുന്നു. അവര്‍ക്കെന്റെ അഭിനയം ഇഷ്ടപ്പെട്ടു.

'പാസം' എന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായിരുന്നു. ആ ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ വേഷമുണ്ടായിരുന്നു. ആ വേഷം അവര്‍ എനിക്കു തന്നു. ആ സമയത്ത് 'ഭാഗ്യജാതകം' എന്ന സിനിമയുടെ ഷൂട്ടിങ് ചെന്നൈയില്‍ നടക്കുന്നുണ്ടായിരുന്നു. 'പാസ'ത്തിന്റെ സെറ്റില്‍ വന്ന പി. ഭാസ്‌കരനും സത്യന്‍ മാഷും എന്നെ 'ഭാഗ്യജാതക'ത്തില്‍ നായികയായി സെലക്ട് ചെയ്യുകയായിരുന്നു. പിന്നെ ഇങ്ങോട്ടുള്ളതു ചരിത്രം.

ഷീല 'കള്ളിച്ചെല്ലമ്മ'യിൽ
ഷീല 'കള്ളിച്ചെല്ലമ്മ'യിൽ ഫോട്ടോ-അറേഞ്ച്ഡ്
Q

കറുത്തമ്മ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന.. കരുത്തുള്ള കഥാപാത്രങ്ങളെപ്പറ്റി

A

അങ്ങനെ ചില ഭാഗ്യങ്ങളുണ്ടായി. 'ചെമ്മീന്‍' എന്ന അനശ്വര നോവൽ സിനിമയായപ്പോൾ കറുത്തമ്മയാകാന്‍ അവസരം ലഭിച്ചു. മലയാളികൾ കഥകളിലൂടെ ഏറ്റെടുത്ത പല കഥാപാത്രങ്ങളെയും എനിക്ക് വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും തയാറെടുപ്പകളുമൊക്കെ നടത്താറുണ്ട്. പിന്നെ, ഒരു ദിവസം നാലും അഞ്ചും സിനിമകളില്‍ അഭിനയിക്കുന്ന കാലമാണ്. ഒരു വര്‍ഷം 26 സിനിമ വരെ റിലീസ് ചെയ്തിട്ടുണ്ട്. സെറ്റിലെത്തിക്കഴിഞ്ഞാല്‍ ഞാന്‍ പൂര്‍ണമായും ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന നടിയാണ്. അതൊക്കെയായിരിക്കാം കഥാപാത്രങ്ങളുടെ ജനപ്രീതിയും അനശ്വരതയും.

Q

സ്വപ്ന നായിക,നിത്യഹരിത നായിക തുടങ്ങിയ വിശേഷണങ്ങളെപ്പറ്റി

A

അങ്ങനെയൊക്കെ ആളുകള്‍ വിളിക്കാറുണ്ട്. പ്രേക്ഷകര്‍ ആഗ്രഹിച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയതിനാലാകാം അവര്‍ അത്തരം കല്പനകളൊക്കെ തരുന്നത്. എന്തെല്ലാം അവാര്‍ഡുകള്‍ കിട്ടിയാലും ജനങ്ങളുടെ മനസിലെ അംഗീകാരമല്ലേ ഏറ്റവും വലിയ അവാര്‍ഡ്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണെന്നാണ് എന്റെ വിശ്വാസം.

പ്രേംനസീറും ഷീലയും 'നീതി' എന്ന സിനിമയിൽ
പ്രേംനസീറും ഷീലയും 'നീതി' എന്ന സിനിമയിൽ ഫോട്ടോ-അറേഞ്ച്ഡ്
Q

നസീര്‍, സത്യന്‍, മധു, കമല്‍ഹാസന്‍, ജയന്‍ തുടങ്ങിയ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. നസീറിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ ഒരുമിച്ചഭിനയിച്ച് ഗിന്നസ് റെക്കോഡുമിട്ടു. നായകരെപ്പറ്റി

A

എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനേതാക്കള്‍. മലയാള സിനിമയില്‍ എക്കാലത്തെയും മികച്ച, ചരിത്രത്തില്‍ ഇടം നേടിയ നടന്മാര്‍. സത്യന്‍ മാഷിന്റെയൊപ്പം ചെയ്തിരുന്നതെല്ലാം കനമുള്ള കഥാപാത്രങ്ങളായിരുന്നു. നസീര്‍ സാറിന്റെയൊപ്പം ചെയ്തവയെല്ലാം ജനപ്രിയ വേഷങ്ങളായിരുന്നു. പാട്ടും ഡാന്‍സും പ്രണയവുമെല്ലാം അടങ്ങിയവ. മധു സാറിനൊപ്പം രണ്ടു ടൈപ്പ് വേഷങ്ങളും ചെയ്തിട്ടുണ്ട്. അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് എന്നെ വിസ്മയിപ്പിച്ച നടനാണ് കമൽഹാസനും. ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യകതകളും സവിശേഷമായ ശൈലികളുമുണ്ട്.

'മനസിനക്കരെ'യിൽ ഷീലയും ജയറാമും
'മനസിനക്കരെ'യിൽ ഷീലയും ജയറാമുംസ്ക്രീൻ​ഗ്രാബ്
Q

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ പുതുതലമുറ നായകർക്കൊപ്പവും അഭിനയിച്ചല്ലോ

A

എല്ലാവരും വ്യത്യസ്തരായ ആളുകളാണ്. ഏതു വേഷവും തന്മയത്വത്തോടെ ഫലിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. മറ്റു ഭാഷാചിത്രങ്ങള്‍ പോലെയല്ല മലയാളം. എത്രയോ വലിയ നടീനടന്മാര്‍ നമുക്കുണ്ട്. പിന്നെ, നല്ല വേഷങ്ങള്‍ കിട്ടുക എന്നത് ഓരോരുത്തരുടെയും ഭാഗ്യം പോലെയിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായ 'മനസിനക്കരെ'യില്‍ ജയറാം ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വീണ്ടും 'സ്‌നേഹവീട്' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലും അഭിനയിച്ചു. മോഹന്‍ലാലിന്റെ അമ്മ വേഷമായിരുന്നു. അമ്മയുടെയും മകന്റെയും സ്‌നേഹനിര്‍ഭരമായ കഥയാണത്. മമ്മൂട്ടിയൊടൊപ്പം 'തസ്‌കരവീരന്‍', സുരേഷ് ഗോപിയോടൊപ്പം 'പതാക', ദിലീപിനൊപ്പം 'മിസ്റ്റര്‍ മരുമകന്‍', അതെല്ലാം മികച്ച സൗഹൃദങ്ങളുടെയും ഹിറ്റ് സിനിമകളുടെയും കൂട്ടുകെട്ടാണ്.

Q

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 500ലേറെ സിനിമകള്‍. അതേപ്പറ്റി

A

വ്യത്യസ്തയാകാന്‍ ശ്രമിക്കണമല്ലോ. സ്‌ക്രിപ്റ്റും സംവിധായകന്റെ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കും. ഞാന്‍ സംവിധായകന്റെ നടിയാണ്. ജലം ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിയിലായിരിക്കും. അതുപോലെയാണ് നടീനടന്മാര്‍. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്‌പോലെ, സംവിധായകന്റെ പറയുന്നതുപോലെ അഭിനേതാക്കള്‍ മാറിക്കൊണ്ടേയിരിക്കണം. സംവിധായകന്‍ ആരാണോ അദ്ദേഹം പറയുന്നത് അനുസരിക്കുക എന്നതാണ് എല്ലാ അഭിനേതാക്കളുടെയും കടമ. പിന്നെ, ഇംപ്രവൈസേഷനും കൂട്ടിച്ചര്‍ക്കലുകളുമാകാം. അതെല്ലാം പരസ്പരമുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാത്രം എന്നതാണ് എന്റെ അഭിപ്രായം. പുതിയ കാലത്തെ ആര്‍ട്ടിസ്റ്റുകളെല്ലാം നന്നായി അഭിനയിക്കുന്നവരാണ്. ഞങ്ങളെയൊക്കെ അപേക്ഷിച്ച് വലിയ സൗകര്യങ്ങളാണ് അവര്‍ക്കുള്ളത്. കൂടുതല്‍ സിനിമകള്‍ കാണാന്‍ അവസരം. വിരല്‍ത്തുമ്പില്‍ സിനിമയെത്തി. ടെക്‌നോളജി ഉയര്‍ന്ന നിലവാരത്തിലെത്തി. ലൊക്കേഷനുകളില്‍ തന്നെ ഷൂട്ട് ചെയ്ത സീനുകള്‍ കാണാനും വിലയിരുത്താനും കഴിയും. ആവശ്യമെങ്കില്‍ റീ ഷൂട്ട് ചെയ്യാം. മാറ്റങ്ങള്‍ വരുത്താം. ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയതോടെ ആ ചെലവും ഇല്ലാതായി. ഈ തലമുറക്കാര്‍ക്ക് അഭിനയത്തിലേക്കു കടന്നുവരാനുള്ള അതിവിശാലമായ വഴികള്‍ എപ്പോഴും തുറന്നുകിടക്കുന്നു. നമുക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ഏറ്റവും ശ്രദ്ധയോടെ ചെയ്യാന്‍ ശ്രമിക്കുക. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചു.

Q

മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയല്ലോ

A

അതെല്ലാം ഭാഗ്യമായി കരുതുന്നു. ആ കഥാപാത്രങ്ങള്‍ എനിക്കു നല്‍കിയ സംവിധായകരോടാണ് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നത്. പി. സുശീലയുടെ ശബ്ദം എനിക്കു നന്നായി ചേരും. സുശീല എനിക്കു വേണ്ടി പാടുമ്പോള്‍, ആ ഗാനരംഗം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ അതു കൂടുതല്‍ മികച്ചതാകാറുണ്ട്. പാട്ടിനു വേണ്ടി പ്രത്യേക തയാറെടുപ്പുകള്‍ നടത്താറില്ല. എന്നാലും ചില ഒരുക്കങ്ങള്‍ മനസില്‍ നമ്മള്‍ നടത്തുമല്ലോ. പിന്നെ, കാര്യങ്ങള്‍ പറഞ്ഞുതരാന്‍ സംവിധായകന്‍, ഡാന്‍സ് മാസ്റ്റര്‍ തുടങ്ങിയവരൊക്കെ ഉണ്ടല്ലോ. പുതിയ സിനിമകള്‍ പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കുറഞ്ഞതായി തോന്നാറുണ്ട്. ചില സിനിമകളില്‍ പാട്ട് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റുകളുടെ ബഹളമായി മാറി. പിന്നീട് ഓര്‍ത്തുപാടാന്‍ കഴിയാത്ത തരത്തിലേക്ക് പാട്ട് മാറിയിരിക്കുന്നു. ഇതു പ്രേക്ഷകരെ പാട്ടില്‍ നിന്ന് അകറ്റുമെന്നാണ് എനിക്കു തോന്നുന്നത്. അതേസമയം, നല്ല പാട്ടുകളും ഉണ്ടാകുന്നുണ്ട്

പുതിയ സിനിമകള്‍ പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കുറഞ്ഞതായി തോന്നാറുണ്ട്. ചില സിനിമകളില്‍ പാട്ട് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റുകളുടെ ബഹളമായി മാറി. പിന്നീട് ഓര്‍ത്തുപാടാന്‍ കഴിയാത്ത തരത്തിലേക്ക് പാട്ട് മാറിയിരിക്കുന്നു.
Q

മാറുന്ന മലയാള സിനിമയെക്കുറിച്ച്

A

കാലഘട്ടത്തിനനുസരിച്ച് സിനിമ മാറിക്കൊണ്ടേയിരിക്കും. ഓരോ കാലഘട്ടവും അതിന്റേതായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ മാറ്റങ്ങളെയും ഞാന്‍ പോസിറ്റീവ് ആയി കാണുന്നു. ഇത് ടെക്‌നോളജിയുടെ കാലമാണ്. അത്യന്താധുനിക സാങ്കേതികവിദ്യയാണ് സിനിമ ഉപയോഗിക്കുന്നത്. അപ്പോള്‍ സിനിമ കൂടുതല്‍ ടെക്‌നിക്കലി പെര്‍ഫെക്ട് ആകും. അതു നമ്മുടെ സിനിമയെ ലോക നിലവാരത്തില്‍ എത്തിക്കും.

കഥ പറച്ചിലിന്റെ രീതികള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴത്തെ ചില സിനിമകളില്‍ വലിയ ക്ലൈമാക്‌സ് ഉണ്ടാകാറില്ല. അമാനുഷിക സംഘട്ടനരംഗങ്ങളും ആവശ്യമില്ല. അതതു കാലത്തെ മനുഷ്യബന്ധങ്ങളെ സിനിമ പ്രതിഫലിപ്പിക്കുന്നു. സിനിമ മാത്രമല്ല, എല്ലാ കലാരൂപങ്ങളും സാഹിത്യവും അങ്ങനെയാണ്. സിനിമ ഇപ്പോള്‍ തിയേറ്ററിലെ ബിഗ് സ്‌ക്രീനില്‍ മാത്രം കാണാവുന്ന കലാസൃഷ്ടിയല്ല. നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയും സിനിമയുടെ പ്ലാറ്റ്‌ഫോമാണ്. ഇതെല്ലാം സിനിമയുടെ ബിസിനസ് വര്‍ദ്ധിപ്പിക്കും.

ഷീല
ഷീല ഫോട്ടോ-അറേഞ്ച്ഡ്
Q

നടിയെന്ന നിലയില്‍ സന്തോഷവതിയാണോ

A

അതെ, നൂറു ശതമാനം സന്തോഷവതിയാണ്. ജീവിതത്തില്‍ സംതൃപ്തയാണ്. ദൈവം എനിക്ക് എല്ലാം തന്നു. സംസ്ഥാനദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. അതിനെല്ലാമുപരിയാണ് പ്രേക്ഷകരുടെ മനസില്‍ എനിക്കു സ്ഥാനം. ഞാന്‍ പറഞ്ഞല്ലോ, പ്രേക്ഷകരുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ അവാര്‍ഡ്. എനിക്ക് ആരോടും പരാതിയോ, പരിഭവങ്ങളോ ഇല്ല.

Pappappa
pappappa.com