
2014ൽ പുറത്തിറങ്ങിയ 'പികെ' എന്ന ചിത്രവുമായി ബന്ധപ്പെട്ട ദീർഘകാല വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ചിത്രം മതവിരുദ്ധമോ, ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതോ ആണെന്ന വാദങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആമിർ സമീപകാലത്തു വീണ്ടും ഉയർന്നുവന്ന വിമർശനങ്ങൾക്കു മറുപടി നൽകിയത്.
'ഞാൻ ഒരു മതത്തിനും എതിരല്ല. എല്ലാ മതങ്ങളെയും എല്ലാ മതവിശ്വാസികളെയും ഞാനും എന്‍റെ കുടുംബവും ബഹുമാനിക്കുന്നു. സാധാരണക്കാരിൽനിന്ന് പണം തട്ടിയെടുക്കുന്നതിനായി മതത്തെ ചൂഷണം ചെയ്യുന്നവരോടു ജാഗ്രത പാലിക്കാൻ മാത്രമാണ് ആ ചിത്രം നമ്മോടു പറയുന്നത്. എല്ലാ മതങ്ങളിലും നിങ്ങൾക്ക് ഇത്തരം ആളുകളെ കാണാം. സിനിമയുടെ ഏക ലക്ഷ്യം അതായിരുന്നു...'-ആമിർ ഖാൻ പറഞ്ഞു. 'ലൗവ് ജിഹാദ്' എന്നത് മുസ്ലീം പുരുഷന്മാർ അമുസ്ലിം സ്ത്രീകളെ പ്രണയബന്ധങ്ങളിലേക്കോ വിവാഹത്തിലേക്കോ ഇസ്ലാമിലേക്കോ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗൂഢാലോചനയെ വിവരിക്കാൻ ഉപയോഗിക്കുന്ന വിവാദപരവും രാഷ്ട്രീയപരവുമായ ഒരു പദമാണെന്നും താരം പറഞ്ഞു.
തന്‍റെ സഹോദരിമാരും മകളും ഹിന്ദു പുരുഷന്മാരെയാണു വിവാഹം കഴിച്ചത്. ഇതു ലൗവ് ജിഹാദായി കണക്കാക്കുമോയെന്നും താരം ചോദിച്ചു. ആമിറിന്‍റെ സഹോദരി ഫർഹത്ത് രാജീവ് ദത്തയെയാണു വിവാഹം കഴിച്ചത്. മറ്റൊരു സഹോദരി നിഖത് സന്തോഷ് ഹെഗ്ഡെയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്‍റെ മകൾ ഇറ ഖാൻ അടുത്തിടെ നൂപുർ ശിഖരെയെ വിവാഹം കഴിച്ചു. ആമിറിന്‍റെ രണ്ടു ഭാര്യമാരും ഹിന്ദു സ്ത്രീകളായിരുന്നു (റീന ദത്ത, കിരൺ റാവു).
ഭാര്യമാർ ഹിന്ദുക്കളായിട്ടും കുട്ടികൾക്ക് ഇറ ഖാൻ, ജുനൈദ് ഖാൻ, ആസാദ് റാവു ഖാൻ എന്നീ പേരുകൾ നൽകിയത് എന്തുകൊണ്ടാണെന്നെ ചോദ്യത്തിനു ആമിറിന്റെ മറുപടി ഇങ്ങനെ- 'കുട്ടികൾക്ക് എന്‍റെ ഭാര്യമാർ പേരിട്ടു. എന്‍റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. മകളുടെ പേര് മുൻ ബിജെപി മന്ത്രി മനേക ഗാന്ധിയുടെ ദി പെൻഗ്വിൻ ബുക്ക് ഓഫ് ഹിന്ദു നെയിംസ് എന്ന പുസ്തകത്തിൽ നിന്നുള്ളതാണ്. മകൻ ആസാദിന് സ്വാതന്ത്ര്യ സമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന ആസാദിന്‍റെ പേരാണ് നൽകിയത്.'
'സിതാരേ സമീൻ പർ' ആണ് ആമിറിന്‍റെ പുതിയ ചിത്രം. ജെനീലിയ ഡിസൂസയാണു നായിക. ആർ. എസ്. പ്രസന്നയാണ് സംവിധാനം.