

നിതേഷ് തിവാരി ചിത്രമായ 'രാമായണ'യുടെ റിലീസിനോടനുബന്ധിച്ച്, രാവണന്റെ കഥാപാത്രത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പങ്കുവെച്ച് കന്നഡ നടൻ യഷ്. രാവണന് പത്ത് തലകളിൽ ഓരോന്നിനും വ്യത്യസ്ത വ്യക്തിത്വങ്ങളും ശബ്ദങ്ങളും നൽകിയിരിക്കുന്ന സീനിന്റെ അണിയറവിശേഷങ്ങളാണ് യഷ് വെളിപ്പെടുത്തിയത്.
സിനിമയുടെ ഗ്ലോബൽ പ്രീമിയറിനു ശേഷം നൽകിയ അഭിമുഖത്തിലാണ് യാഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാവണന്റെ പത്ത് തലകൾ എന്നത് അദ്ദേഹത്തിനുള്ളിലെ പത്ത് വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും, ഈ ആശയമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു-
'ഓരോരുത്തരുടെയും ഉള്ളിൽ വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ട്. എത്രത്തോളം പുറത്തേക്കു പ്രകടിപ്പിച്ചാലും നമ്മുടെയുള്ളിൽ സംശയങ്ങളും കരുത്തും അതിരുകടന്ന ആത്മവിശ്വാസവുമൊക്കെ മാറിമാറി വരാറുണ്ട്. രാവണന്റെ പത്ത് തലകൾ എന്ന സങ്കല്പത്തെ ഇത്തരത്തിലുള്ള വിവിധ മാനസികാവസ്ഥകളായാണ് ഞങ്ങൾ ചിത്രീകരിച്ചത്...'- യഷ് വ്യക്തമാക്കി.
സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രത്യേക രംഗം ചിത്രീകരിക്കാൻ ഒരാഴ്ചയിലേറെയെടുത്തെന്നും യഷ് കൂട്ടിച്ചേർത്തു. രൺബീർ കപുർ ശ്രീരാമനായും, സായി പല്ലവി സീതയായും, യാഷ് രാവണനായും വേഷമിടുന്ന 'രാമായണ' നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സണ്ണി ഡിയോൾ, അരുൺ ഗോവിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.