

സണ്ണി ഡിയോളിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’ റിലീസ് മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താലാണിത്. നവംബർ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭ്യമാവുന്നതനുസരിച്ച് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ എം.എം. മൂവീസ് അറിയിച്ചു.
ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നാരോപിച്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഏതാനും ഡോക്ടർമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രം ആതുര സേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിർക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും സംവിധായകൻ എം.പത്മകുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
മലയാളത്തിൽ ജോജുവിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത 'ജോസഫി'ന്റെ റീ മേക്കാണ് 'സൂര്യ'. ആശുപത്രികളുമായി ബന്ധപ്പെട്ട അവയവക്കച്ചവടമായിരുന്നു 'ജോസഫി'ലെ പ്രധാന പ്രമേയം. കേരളത്തിലും ഈ ചിത്രത്തിനെതിരേ ഡോക്ടർമാർ രംഗത്തുവന്നിരുന്നു.
എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് ആണ് നിർമാണം. സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് തുണ്ടിയിൽ ആണ്.
ബല്ലു സലൂജയാണ് എഡിറ്റർ.കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ഉത്തം സിങ്, രഞ്ജിൻ രാജ് എന്നിവർ സംഗീതം ഒരുക്കുന്നു. പശ്ചാത്തല സംഗീതം ഉത്തം സിങ്ങിന്റേതാണ്. ചിത്രം സീ സിനിമാസ് ആണ് വിതരണം ചെയ്യുന്നത്.