
സോനാക്ഷി സിന്‍ഹ കേന്ദ്രകഥപാത്രമാകുന്ന 'നികിത റോയി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറക്കാര്‍. സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറായ ഈ ചിത്രം 'നികിത റോയ്' ജൂണ്‍ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ജൂലായ് 18ലേക്ക് സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. പുതിയ റിലീസ് തീയതി സംബന്ധിച്ച് നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഒന്നിലധികം റിലീസുകള്‍ക്കിടെ തങ്ങളുടെ ചിത്രം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
'ഞങ്ങളുടെ കൂട്ടായ്മയുടെയും വിതരണക്കാരുടെയും പ്രദര്‍ശകരുടെയും അഭ്യുദയകാംക്ഷികളുടെയും ഉപദേശപ്രകാരം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിനായി ജൂലായ് 18ലേക്ക് റിലീസ് നീട്ടാന്‍ തീരുമാനിച്ചു. ഇതുവരെ നിങ്ങള്‍ ചിത്രത്തോട് കാണിച്ച അതിരറ്റ സ്‌നേഹത്തിന് നന്ദി. പക്ഷേ നിങ്ങള്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. തിയറ്ററുകളില്‍ കാണാം' -നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അമാനുഷിക ത്രില്ലറാണ് ഈ ചിത്രം. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന, ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന, ആകര്‍ഷകവും നിഗൂഢവുമായ ആഖ്യാനമാണ് ചിത്രത്തിന്റേത്. നികിത റോയ് ഈ വര്‍ഷത്തെ ഏറ്റവും ആവേശകരമായ ചിത്രങ്ങളിലൊന്നായിരിക്കുമെന്ന് അണിയക്കാരും താരങ്ങളും പറഞ്ഞു.
സോനാക്ഷിയുടെ സഹോദരന്‍ കുശ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവല്‍, അര്‍ജുന്‍ രാംപാല്‍, സുഹൈല്‍ നയ്യാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നിക്കി വിക്കി ഭഗ്‌നാനി ഫിലിംസിന്റെയും നികിത പൈ ഫിലിംസ് ലിമിറ്റഡിന്റെയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബവേജ സ്റ്റുഡിയോസ് ബ്ലിസ് എന്റര്‍ടൈന്‍മെന്റ്, മൂവീസ് പി.ടി.ഇ ലിമിറ്റഡ്, കര്‍മിക് ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് റിലീസ്.