

2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ 'റബ് നേ ബനാ ദ് ജോഡി' എന്ന ചിത്രത്തിന്റെ പ്രമോഷന് നടത്തുന്നതില്‍ തനിക്ക് വലിയ വിഷമവും മടിയും തോന്നിയിരുന്നെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് മുമ്പ് തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. സിനിമാ റിലീസ് എപ്പോഴും സന്തോഷമുള്ള കാര്യമാണെങ്കിലും, രാജ്യവും നഗരവും വലിയൊരു ദുരന്തത്തിന്റെ ആഘാതത്തില്‍ നില്ക്കുമ്പോള് ചിത്രം പ്രമോട്ട് ചെയ്യാന്‍ ശരിയായ സമയമല്ലെന്ന് തങ്ങള്‍ക്ക് തോന്നിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിനുശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രമോഷന് ആരംഭിച്ചത്. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നും, 'റബ് നേ ബനാ ദ് ജോഡി'യിലൂടെ ആളുകളുടെ ദു:ഖത്തില്‍ പങ്കുചേരാനും അവരുടെ മനസ് അല്പനേരത്തേക്കെങ്കിലും മാറ്റാനും സാധിച്ചാല്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാകുമെന്ന് കരുതിയതായും ഷാരൂഖ് ഖാന് പങ്കുവെച്ചിരുന്നു.
പ്രൊമോഷന് ആരംഭിച്ചപ്പോഴും പരസ്യങ്ങളും മറ്റുമായി മുന്നോട്ടു പോകുന്നതില്‍ തനിക്ക് പൂര്‍ണ തൃപ്തിയോ സന്തോഷമോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു- 'ഇത് ശരിയായ സമയമല്ല, എങ്കിലും ഇതും ജോലിയുടെ ഭാഗമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന വേദനയും വിഷാദവും മറക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ കുറച്ചു മണിക്കൂറുകളെങ്കിലും സിനിമയിലൂടെ അവര്‍ അതൊന്ന് മറക്കട്ടെ. നര്‍മവും സന്തോഷവുമുള്ള, കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ കഴിയുന്ന ചിത്രമാണിത്.'-എന്നായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍.
നവംബര്‍ 26-ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രമോഷനുകള്‍ മാറ്റിവെച്ച ടീം, റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രചാരണ പരിപാടികള്‍ പുനരാരംഭിച്ചത്. അനുഷ്ക ശര്‍മയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന 'റബ് നേ ബനാ ദ് ജോഡി' തിയേറ്ററുകളില്‍ വലിയ വിജയമായി മാറി. അക്കാലത്ത് 150 കോടിയിലധികം രൂപ കളക്ഷന്‍ നേടിയ ചിത്രം, ആ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി മാറുകയും ചെയ്തു.