
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്റെ കരിയറിലെ പ്രയാസമേറിയ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിന്റെ തിരക്കിലാണിപ്പോള്‍. 'ബാറ്റില്‍ ഓഫ് ഗാല്‍വന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോഴുള്ളത്. ഈ മാസമാദ്യം, സൽമാൻ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. മുഖത്ത് രക്തക്കറകളുമായി ശത്രുക്കളോടു പോരാടുന്ന വീരസൈനികനായാണ് അദ്ദേഹം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മീശയുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്തമായ ഗെറ്റപ്പ് ആണ് ചിത്രത്തില്‍ താരത്തിനുള്ളത്.
'ഞങ്ങള്‍ ഷൂട്ടിങ് ആരംഭിക്കുന്നു... ലഡാക്കിലെ ലേയില്‍ തണുത്തുറഞ്ഞ മേഖലയില്‍ തീവ്രമായ യുദ്ധരംഗങ്ങളാണു ചിത്രീകരിക്കുന്നത്. കഠിനമായ രംഗങ്ങള്‍... എനിക്കു ഭയമുണ്ട്... പക്ഷേ ഞാന്‍ അത് ചെയ്യും...' സല്‍മാന്‍ ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള ചിത്രീകരണമാണ് ലേയില്‍ നടക്കുന്നത്. 2020ല്‍ ചൈനീസ് സൈനികരുമായുള്ള ഗാല്‍വന്‍ വാലി ഏറ്റുമുട്ടലില്‍ സിക്‌സ്റ്റീന്‍ ബിഹാര്‍ റെജിമെന്റിനെ നയിച്ച കേണല്‍ ബി സന്തോഷ് ബാബുവിന്റെ കഥാപാത്രമായാണ് ബോളിവുഡ് സൂപ്പര്‍താരം വേഷമിടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തില്‍ നടന്ന ഒരു യുദ്ധത്തിന്റെ ദേശസ്‌നേഹ സത്തയാണ് ചിത്രം പകര്‍ത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രാഹുൽ സിങ്ങും ശിവ് അരൂരും ചേർന്നെഴുതിയ ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ് 3 എന്ന പുസ്തകമാണ് ചിത്രത്തിനാധാരം.