

ബോളിവുഡ് സൂപ്പര്‍ താരദമ്പതികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുകോണിനും വധഭീഷണിയും പണമാവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ലഭിച്ചതിനെത്തുടര്‍ന്നു ഇവരുടെ മുംബൈയിലെ വസതിയില്‍ സുരക്ഷ ശക്തമാക്കി. വാട്‌സാപില്‍ ശബ്ദസന്ദേശമായാണ് രണ്‍വീറിനു ഭീഷണി ലഭിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. കോടികളാണു ഭീഷണിപ്പെടുത്തിയ ആള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുരക്ഷാ ഭീഷണിയെത്തുടര്‍ന്നു താരങ്ങളുടെ വീടിനു പുറത്ത് ആറോളം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ താരങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഒരു യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ട്. എന്നാല്‍, പാര്‍പ്പിടസമുച്ചയത്തിലെ കമ്മിറ്റിയുടെ അനുവാദമില്ലാതെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലോബിയിലും ജിമ്മിലും കുട്ടികള്‍ കളിക്കുന്ന ഇടങ്ങളിലും നടക്കുന്നതു മറ്റു താമസക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കാണിച്ച് ഹൗസിങ് സൊസൈറ്റി ദാദര്‍ പോലീസ് സ്റ്റേഷനു കത്തയച്ചിട്ടുമുണ്ട്.
ഭീഷണി സന്ദേശം ലഭിച്ചയുടന്‍ രണ്‍വീര്‍ മുംബൈ പോലീസിനെ വിവരം അറിയിച്ചിരുന്നു. പോലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അടുത്തിടെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ 'ധുരന്ധര്‍' എന്ന ചിത്രത്തിലാണ് രണ്‍വീര്‍ അവസാനമായി എത്തിയത്. പാകിസ്ഥാനിലെ ഇന്ത്യന്‍ ചാരനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19-ന് തിയറ്ററുകളില്‍ എത്തും.'സിങ്കം റിട്ടേണ്‍സി'ലാണ് ദീപിക ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന 'കിങ്' ആണ് ദീപികയുടെ വരാനിരിക്കുന്ന പ്രധാന ചിത്രം.