

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയമാകാൻ ഒരുങ്ങുന്ന നിതേഷ് തിവാരിയുടെ 'രാമായണ'ത്തിലെ ചില നിർണായക രംഗങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന പ്രശസ്തമായ കോമിക് കോൺ ഇവന്‍റിൽ ചിത്രത്തിന്‍റെ ടീസറിനൊപ്പം ചില പ്രത്യേക ദൃശ്യങ്ങളും അണിയറപ്രവർത്തകർ പ്രദർശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് രഹസ്യമായി റെക്കോഡ് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത് എന്നാണ് ഒരു വിഭാഗം സിനിമാഗ്രൂപ്പുകൾ അവകാശപ്പെടുന്നത്.
രൺബീർ കപുർ അവതരിപ്പിക്കുന്ന രാമന്‍റെ ചില രംഗങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഈ ദൃശ്യങ്ങൾ യഥാർഥമല്ലെന്നും നിർമിത ബുദ്ധി ഉപയോഗിച്ച് ആരാധകർ ഉണ്ടാക്കിയ വ്യാജ ദൃശ്യങ്ങളാണെന്നും എക്സിൽ ചിലർ കുറിക്കുന്നു. അതേസമയം, ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടീസർ പുറത്തുവന്നതിനു പിന്നാലെ ചിത്രത്തിന്‍റെ വിഷ്വൽ നിലവാരത്തെക്കുറിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. 4000 കോടിയിലധികം രൂപ ചെലവിട്ട് നിർമിക്കുന്ന ഒരു മഹാകാവ്യത്തിന് ചേർന്ന വിഷ്വലുകൾ അല്ല ടീസറിലുള്ളതെന്നും, പല രംഗങ്ങൾക്കും എഐ ലുക്കാണെന്നുമാണ് സിനിമാപ്രേമികളുടെ പ്രധാന ആക്ഷേപം. ചില ഷോട്ടുകൾ ഗംഭീരമായിട്ടുണ്ടെങ്കിലും വിഎഫ്എക്സ് ഇനിയും ഒരുപാട് മെച്ചപ്പെടുത്താനുണ്ടെന്ന് ചലച്ചിത്രാസ്വാദകർ പറയുന്നു. രാമനായുള്ള രൺബീറിന്‍റെ ലുക്കും ടീസറിന്‍റെ ഒടുവിൽ മിന്നിമറയുന്ന യാഷിന്‍റെ രാവണൻ ലുക്കും തിയേറ്ററുകളിൽ തീപ്പൊരിയാകും എന്ന കാര്യത്തിൽ തർക്കമില്ല.