
ജൂലായ് ആറ് രണ്‍വീര്‍ സിങ്ങിന്റെ പിറന്നാള്‍ ആണ്. താരത്തിന്റെ ഈ ജന്മദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രണ്‍വീര്‍ അച്ഛനായതിനുശേഷമുള്ള ആദ്യ ജന്മദിനമാണിത്. അതുകൊണ്ടു താരത്തെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സംബന്ധിച്ച് വളരെ വിശേഷപ്പെട്ട ദിനം കൂടിയാണ് ജൂലായ് ആറ്.
'ബാന്‍ഡ് ബാജാ ബരാത്തി'ലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഫര്‍ഹാന്‍ അക്തറിന്റെ 'ഡോണ്‍- 3' യിലെ ടൈറ്റില്‍ കഥാപാത്രം ഉള്‍പ്പെടെ നിത്യഹരിതങ്ങളായ എത്രയോ കഥാപാത്രങ്ങള്‍ രണ്‍വീര്‍ അവതരിപ്പിച്ചിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കരിയറില്‍, രണ്‍വീര്‍ ആരാധകരുടെ മനസില്‍ ഇടം നേടി. രണ്‍വീറിന്റെ ജന്മദിനത്തില്‍, വീണ്ടും കാണാം അഞ്ച് സിനിമകള്‍
ലൂട്ടേര (2013)
വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത ലൂട്ടേരയില്‍ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സോനാക്ഷി സിന്‍ഹയാണ് നായിക. വരുണ്‍ ശ്രീവാസ്തവ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി കണക്കാക്കുന്നു. തന്ത്രശാലിയായ തട്ടിപ്പുകാരനില്‍ നിന്ന് കുറ്റബോധവും പ്രണയവും നിറഞ്ഞ മനുഷ്യനിലേക്കുള്ള പരിവര്‍ത്തനമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാജിറാവു മസ്താനി (2015)
സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര നാടകത്തിലെ ധീരനായ മറാത്ത ഭരണാധികാരി പേഷ്വ ബാജിറാവു എന്ന കഥാപാത്രമാണ് രണ്‍വീര്‍ അവതരിപ്പിച്ചത്. ബോളിവുഡ് ഒന്നടങ്കം അഭിനന്ദനം അറിയിച്ച ചിത്രമാണിത്. ഒരു യോദ്ധാവിന്റെ ധീരതയും അഗാധപ്രണയത്തിലാണ്ട ഒരു മനുഷ്യന്റെ പരാധീനതയും നിറഞ്ഞ കഥാപാത്രമായിരുന്നു താരത്തിന്റേത്.
പദ്മാവത് (2018)
പ്രതിനായകവേഷമായിരുന്നു പദ്മാവതില്‍ രണ്‍വീര്‍ കൈകാര്യം ചെയ്തത്. ദീപിക പദുകോണിന്റെ റാണി പത്മാവതിയില്‍ ആകൃഷ്ടനായ സ്വേച്ഛാധിപതിയായ അലാവുദ്ദീന്‍ ഖില്‍ജിയായി, രണ്‍വീര്‍ വെള്ളിത്തിരയില്‍ അരങ്ങുതകര്‍ത്ത സിനിമയാണ് പദ്മാവത്.
ഗല്ലി ബോയ് (2019)
രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് 'ഗല്ലി ബോയ്.' തെരുവ് റാപ്പറായ മുറാദിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. വൈകാരിക സങ്കീര്‍ണതയോടുകൂടിയ കഥാപാത്രമാണിത്. മുംബൈയിലെ ചേരികളില്‍നിന്ന് ഉയര്‍ന്നുവരുന്ന ഒരാളായി പകര്‍ന്നാടുന്ന രണ്‍വീറിന്റെ സൂക്ഷ്മമായ പ്രകടനം അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു.
83 (2021)
കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഹൃദയസ്പര്‍ശിയായ ജീവചരിത്ര സ്‌പോര്‍ട്‌സ് ഡ്രാമയില്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ വേഷത്തിലൂടെ രണ്‍വീര്‍ പ്രേക്ഷകഹൃദയം കീഴടക്കി. 1983 ല്‍ ഇന്ത്യയെ ആദ്യ ലോകകപ്പിലേക്ക് നയിച്ച ഐക്കണിക് ക്യാപ്റ്റനായുള്ള രണ്‍വീറിന്റെ വേഷപ്പകർച്ച കപിലിന്റെയും താരത്തിന്റെയും ആരാധകര്‍ ഏറ്റെടുത്തു.