ഹൃതിക് റോഷന്റെ 'ക്രിഷ് 4' നിർമാണപങ്കാളിയായി നമിത് മൽഹോത്ര?

നമിത് മൽഹോത്ര, ഹൃതിക് റോഷൻ 'ക്രിഷ്' എന്ന സിനിമയിൽ
നമിത് മൽഹോത്ര, ഹൃതിക് റോഷൻ 'ക്രിഷ്' എന്ന സിനിമയിൽഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

ഹൃതിക് റോഷന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം 'ക്രിഷ് 4'ന്റെ നിർമാണത്തിൽ 'രാമായണ' നിർമാതാവ് നമിത് മൽഹോത്രയും പങ്കാളിയായേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിലവിൽ 'രാമായണ' ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരിക്കുന്ന നമിത് മൽഹോത്ര മറ്റൊരു വമ്പൻ പ്രോജക്ടിന്റെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

Must Read
രാജമൗലിയുമായി ചേർന്ന് 'മഹാഭാരത'? വ്യക്തമായ ഉത്തരം നല്കാതെ 'രാമായണ' നിർമാതാവ്
നമിത് മൽഹോത്ര, ഹൃതിക് റോഷൻ 'ക്രിഷ്' എന്ന സിനിമയിൽ

രൺബീർ കപുർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന 'രാമായണ പാർട്ട് 1' ആഗോളതലത്തിൽ 1,500 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ ഫ്രാഞ്ചൈസിയുടെ തുടർഭാഗത്തിനായിരിക്കും നമിത് മൽഹോത്രയുടെ പ്രധാന ശ്രദ്ധ. 2028ലെ ദീപാവലി റിലീസായാണ് രണ്ടാം ഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വമ്പൻ ക്യാൻവാസും സാങ്കേതിക മികവും നിർമാണവുമായി ബന്ധപ്പെട്ട വിപുലമായ പ്രവർത്തനങ്ങളും വലിയ സമയവും വിഭവങ്ങളും ആവശ്യപ്പെടും. രാമായണത്തിന്റെ പ്രപഞ്ചം കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതയെക്കുറിച്ചും മൽഹോത്ര നേരത്തെ സംസാരിച്ചിരുന്നു. അതിനാൽ മറ്റൊരു വമ്പൻ നിർമാണ സംരംഭത്തിന്റെ ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കാൻ സാധ്യതയില്ല.

നമിത് മൽഹോത്ര രാമായണ സംവിധായകൻ നിതേഷ് തിവാരിക്കും നായകൻ രൺബീർ കപുറിനുമൊപ്പം
നമിത് മൽഹോത്ര രാമായണ സംവിധായകൻ നിതേഷ് തിവാരിക്കും നായകൻ രൺബീർ കപുറിനുമൊപ്പംഫോട്ടോകടപ്പാട്-എഎൻഐ

ഈ സാഹചര്യത്തിൽ നമിത് മൽഹോത്ര 'ക്രിഷ് 4'ന്റെ ഭാഗമാകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് സൂചന. വലിയ ക്യാൻവാസിലുള്ള സിനിമകളുടെയും വിഷ്വൽ ഇഫക്ട്സിന്റെയും നിർമാണത്തിൽ അദ്ദേഹത്തിനുള്ള പരിചയം ചിത്രത്തിന് മുതൽക്കൂട്ടാകുമെങ്കിലും, ഇത്തരമൊരു സഹകരണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

'ക്രിഷ് 4'നെക്കുറിച്ച് ഇതാദ്യമായല്ല അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. നിർമാണച്ചെലവിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാൻ കാരണമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. യഷ് രാജ് ഫിലിംസ് മുന്നോട്ടുവെച്ചതിനേക്കാൾ വലിയ ബജറ്റാണ് ഹൃതിക് ആവശ്യപ്പെട്ടതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ ഹൃതിക് പിതാവും നിർമാതാവുമായ രാകേഷ് റോഷൻ ജൂണിൽ തള്ളിയിരുന്നു.

ഹൃതിക് റോഷൻ
ഹൃതിക് റോഷൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

സിദ്ധാർഥ് ആനന്ദും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ മാർഫ്ലിക്സും പദ്ധതിയിൽനിന്ന് പിന്മാറിയതോടെ 'ക്രിഷ് 4'ലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹൃതിക് റോഷൻ. രാകേഷ് റോഷനും ആദിത്യ ചോപ്രയുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നിലവിൽ നമിത് മൽഹോത്രയുടെ പ്രധാന പരിഗണന 'രാമായണ' ഫ്രാഞ്ചൈസിയും അതിന്റെ അടുത്ത ഭാഗവുമാണ്. അതിനാൽ 'ക്രിഷ് 4'ലേക്കുള്ള അദ്ദേഹത്തിന്റെ വരവ് സംബന്ധിച്ച അഭ്യൂഹങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ കാത്തിരിക്കേണ്ടിവരും.