

മീര നായർ സംവിധാനം ചെയ്ത 2001-ലെ ശ്രദ്ധേയ ചിത്രം 'മൺസൂൺ വെഡ്ഡിങ്ങി'ന്റെ 4കെ പതിപ്പ് 2027 ഫെബ്രുവരിയിൽ ന്യൂയോർക്കിലെ ഫിലിം ഫോറത്തിൽ പ്രദർശനത്തിനെത്തുന്നു. ജാനസ് ഫിലിംസാണ് റീസ്റ്റോറേഷൻ പതിപ്പ് അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 25 വർഷം പൂർത്തിയായി രണ്ടുമാസത്തിനുശേഷമാണ് പ്രഖ്യാപനം.
അന്തരാഷ്ട്ര സിനിമാ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, തനിക്ക് പതിമൂന്നു വയസുള്ളപ്പോഴാണ് ചിത്രത്തിന്റെ ആശയം മനസിൽ രൂപപ്പെട്ടതെന്ന് മീര നായർ ഓർമിച്ചു. ഭുവനേശ്വറിലെ ഡിഫൻസ് കോളനിയിൽ സുഹൃത്തിന്റെ വീട്ടിൽ പഠിക്കാനിരുന്നപ്പോൾ സുഹൃത്ത് പുറത്തുപോയ തക്കം നോക്കി അയാളുടെ പിതാവ് മുറിയിലേക്ക് കടന്നുവന്ന സംഭവമാണ് പിന്നീട് 25 വർഷങ്ങൾക്ക് ശേഷം 'മൺസൂൺ വെഡ്ഡിങ്' ആയി മാറിയതെന്ന് അവർ വ്യക്തമാക്കി.
'അയാൾ എന്റെ ശരീരത്തിൽ തൊടാൻ ശ്രമിച്ചു. ഞാൻ അയാളെ തള്ളിമാറ്റി. വലിയ നാണക്കേടോടെ അയാൾ അവിടെ നിന്ന് പോയി. വർഷങ്ങൾക്കുശേഷം 'മൺസൂൺ വെഡ്ഡിങ്' ആയി പിറന്ന വിത്തായിരുന്നു അത്'- മീര നായർ പറഞ്ഞു.
ഡൽഹിയിലെ ഉയർന്ന മധ്യവർഗ കുടുംബത്തിലെ ഏക മകളുടെ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ നർമവും കുടുംബ നാടകീയതയും കോർത്തിണക്കിയ ചിത്രമാണ് 'മൺസൂൺ വെഡ്ഡിങ്'. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും പിന്നാമ്പുറത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം പോലുള്ള ഗൗരവമേറിയ വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു. നസീറുദിൻ ഷാ, ലില്ലെറ്റ് ദുബെ, ഷെഫാലി ഷാ, വസുന്ധര ദാസ്, വിജയ് റാസ്, രജത് കപുർ എന്നിവരാണു പ്രധാന വേഷങ്ങളിൽ എത്തിയത്.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് സബ്രീന ധവാൻ വെറും ഒരാഴ്ച കൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്. ഇന്ത്യ, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ നിർമാണ സ്ഥാപനങ്ങൾ സഹകരിച്ച അന്താരാഷ്ട്ര പ്രൊഡക്ഷനായിരുന്നു ഇത്. 2001-ലെ കാൻ ചലച്ചിത്രമേളയിലെ മാർഷെ ഡു ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടി. ആഗോള ബോക്സോഫീസിൽ ഏകദേശം മൂന്ന് കോടി ഡോളറാണ് ചിത്രം നേടിയത്.
തിരക്കഥ എഴുതുന്ന ഘട്ടത്തിൽ കാൻ ഫിലിം മേളയിൽ ആദ്യമായി കണ്ടുമുട്ടിയ വ്യക്തിയോട് ചിത്രത്തിന്റെ പ്രാരംഭ ധനസഹായത്തിനായി സംസാരിച്ചതും മീര നായർ വെളിപ്പെടുത്തി. 2023-ൽ സംഗീത നാടകമായും 'മൺസൂൺ വെഡ്ഡിങ്' ന്യൂയോർക്കിലെ സെന്റ് ആൻസ് വെയർഹൗസിൽ അരങ്ങേറിയിരുന്നു.