
ഒരുകാലത്ത് ഇന്ത്യന്‍ യുവതികളുടെ സ്വപ്‌നസുന്ദരനായിരുന്നു മോഡല്‍ മിലിന്ദ് സോമന്‍. മോഡലിങ് ഇന്‍ഡസ്ട്രിയിൽ ആണഴകിന്റെ അപൂർവം അടയാളങ്ങളിലൊരാൾ. 59-ാം വയസിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന മിലിന്ദ് സോമന് ഇന്നും ആരാധികമാർക്ക് കുറവില്ല. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ മിലിന്ദ് ഫിറ്റ്‌നസ് രഹസ്യം തുറന്നുപറഞ്ഞു.
16 മണിക്കൂര്‍ ഫാസ്റ്റിങ് എടുക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ ഫിറ്റ്‌നസ് ഐക്കണ്‍ വെളിപ്പെടുത്തിയത്. മാത്രമല്ല, ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകാറുമില്ലെന്നും പറഞ്ഞു. 15മിനിട്ട് വർക്കൗട്ട് ചെയ്യും. ശ്രദ്ധയോടെ, മനസ്സുനിറയും വിധം ഭക്ഷണം. പ്രായത്തെ വെല്ലുവിളിക്കുന്ന പ്രവൃത്തികള്‍കൊണ്ട് ആരാധകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന സൂപ്പർമോഡൽ മുംബൈ മുതല്‍ ഗോവ വരെ കാല്‍നടയായും സൈക്കിളിലും 558 കിലോമീറ്റര്‍ ഒറ്റയ്ക്ക് സഞ്ചരിച്ചിരുന്നു. തന്റെ ശാരീരികക്ഷമതയുടെ നിലവാരം കണക്കിലെടുക്കുമ്പോള്‍, ഇത് അസാധാരണമല്ലെന്നാണ് മിലിന്ദ് പറയുന്നത്.
ഫിറ്റ് ഇന്ത്യ റണ്ണിന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായി, മിലിന്ദ് മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് അഞ്ചുദിവസത്തെ കഠിനമായ ഓട്ടം നടത്തിയും ശ്രദ്ധനേടി. പെന്‍, കൊളാഡ്, ചിപ്ലൂണ്‍, രത്‌നഗിരി തുടങ്ങിയ പട്ടണങ്ങള്‍ കടന്ന് ഗോവയിലെത്തി. ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു ആ യാത്ര. മിലിന്ദും ഭാര്യ അങ്കിത കോണ്‍വാറും അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ഫിറ്റസ്റ്റ് ജോഡി ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.