

രൺബീർ കപുർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ലവ് ആൻഡ് വാർ' ചിത്രീകരണം പൂർത്തിയാക്കി. 2024 നവംബറിൽ ആരംഭിച്ച ചിത്രീകരണം വിവിധ ഘട്ടങ്ങളിലായാണ് പൂർത്തിയായത്.
പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്ന ഈ ലൗ-ആക്ഷൻ ഡ്രാമ ചിത്രം 2027 ജനുവരി 21-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
സഞ്ജയ് ലീലാ ബൻസാലിയുടെ പതിവ് ശൈലിയിൽ കൂറ്റൻ സെറ്റുകളും ദൃശ്യമനോഹാരിതയും നിറഞ്ഞ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. രൺബീർ കപുറും ആലിയ ഭട്ടും വിക്കി കൗശലും ആദ്യമായി ബൻസാലി ചിത്രത്തിൽ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
2007-ൽ പുറത്തിറങ്ങിയ 'സാവരിയ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രൺബീർ, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബൻസാലി ചിത്രത്തിൽ വേഷമിടുന്നത്. 'ഗംഗുഭായ് കത്തിയാവാഡി'യുടെ വമ്പൻ വിജയത്തിന് ശേഷം ആലിയയും ബൻസാലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബൻസാലിയുടെ സിഗ്നേച്ചർ ശൈലിയിലുള്ള വിഷ്വൽ എക്സ്പീരിയൻസ് നൽകുന്ന ചിത്രം റിപ്പബ്ലിക് ദിന വാരത്തിൽ തിയേറ്ററുകളിൽ എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണു സിനിമാലോകം.