

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളായ കജോള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളിലല്ല, മറിച്ച് തന്റെ 'വ്യക്തിത്വം' സംരക്ഷിക്കാന്‍ നടത്തിയ ശക്തമായ നിയമപോരാട്ടത്തിന്റെ പേരിലാണ്. നടിയുടെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് നിര്‍ണായകമായ ചുവടുവയ്പായി മാറുകയാണ്.
സമൂഹമാധ്യമങ്ങളുടെയും നിര്‍മിതബുദ്ധിയുടെയും കാലത്ത് സെലിബ്രിറ്റികളുടെ സ്വകാര്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. തന്റെ അനുവാദമില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു കജോളിന്റെ പ്രധാന പരാതി. മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീലച്ചുവയുള്ള വീഡിയോകളും പ്രചരിപ്പിക്കുന്നു, ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായ വീഡിയോകള്‍ നിര്‍മിക്കുന്നു, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ടീഷര്‍ട്ടുകളും മറ്റ് ഉത്പന്നങ്ങളും അനധികൃതമായി വില്‍ക്കുന്നു, വ്യക്തിത്വത്തെ അനുകരിക്കുന്ന രീതിയിലുള്ള ചാറ്റ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു തുടങ്ങിയവയാണ് താരത്തിന്റെ പരാതിയിലെ പ്രധാന ഉള്ളടക്കം.
കജോള്‍, കജോള്‍ മുഖര്‍ജി, കജോള്‍ ദേവ്ഗണ്‍ തുടങ്ങിയ പേരുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. താരത്തിന്റെ പ്രശസ്തിയെയും അന്തസിനെയും മോശമായി ബാധിക്കുന്ന തരത്തിലുള്ള വ്യാജ ഉള്ളടക്കങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഇത് തടയാതിരുന്നാല്‍ താരത്തിന് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
ആമസോണ്‍, മെറ്റ, യൂട്യൂബ് തുടങ്ങിയ വമ്പന്‍ പ്ലാറ്റ്ഫോമുകള്‍ മുതല്‍ വിവിധ എഐ ആപ്പുകള്‍ വരെ കേസില്‍ കോടതിയുടെ നിരീക്ഷണത്തിലാണ്. വിവാദമായ ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു.
ഇതിഹാസതാരം അമിതാഭ് ബച്ചനും അനില്‍ കപുറിനും ശേഷം സ്വന്തം വ്യക്തിത്വം സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ച് വിജയം നേടിയ താരമായി കജോള്‍ മാറി. സാങ്കേതികവിദ്യ വളരുമ്പോള്‍ അത് കലാകാരന്മാരുടെ വ്യക്തിത്വത്തെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് കോടതി നല്‍കുന്നത്. ഏപ്രില്‍ 23-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചലച്ചിത്രലോകം ഉറ്റുനോക്കുന്നത് കൂടുതല്‍ കര്‍ശനമായ നിയമപരിരക്ഷ വേണമെന്ന കാലങ്ങളായുള്ള ആവശ്യത്തിലേക്കാണ്.