

മകനും ബോളിവുഡ് യുവതാരവുമായ ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെയ്പുണ്ടായ സംഭവത്തിനു ശേഷം സൂപ്പര്‍താരം ജാക്കി ഷ്രോഫ് ആദ്യമായി പൊതുവേദിയിലെത്തി. മുംബൈയിലെ ജുഹുവില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ നിന്ന് ടൈഗര്‍ ഷ്രോഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫുട്‌ബോള്‍ ക്ലബ്ബില്‍ നിന്ന് കാറില്‍ മടങ്ങുകയായിരുന്ന താരത്തിന്റെ വാഹനത്തിന് നേരെ അക്രമികള്‍ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ താരത്തിന്റെ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഞെട്ടിക്കുന്ന സംഭവത്തിനു തൊട്ടുപിന്നാലെയാണ്, മുംബൈയില്‍ നടന്ന സംഗീത്കാര്‍ ബപ്പി ലഹിരി മാര്‍ഗിന്റെ നാമകരണ ചടങ്ങില്‍ ജാക്കി ഷ്രോഫ് പങ്കെടുത്തത്. പതിവുപോലെ കൈയില്‍ ചെടിയുമായാണ് ചടങ്ങിനെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് താരം പ്രത്യക്ഷപ്പെട്ടത്.
ടൈഗറിനുനേരെ നടന്ന വധശ്രമത്തെ തുടര്‍ന്ന് സിനിമാ ലോകത്ത് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. സംഭവമറിഞ്ഞ് ഞായറാഴ്ച രാത്രി തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ടൈഗര്‍ ഷ്രോഫിന്റെ വസതി സന്ദര്‍ശിക്കുകയും കുടുംബത്തിന് ആവശ്യമായ സുരക്ഷയും സര്‍ക്കാരിന്റെ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍, ബോളിവുഡ് താരങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനിമാ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാമലാല്‍ ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഗ്യാങ്സ്റ്റര്‍ ശൃംഖലകൾക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും സിനിമാ മേഖലയ്ക്ക് പ്രത്യേക സുരക്ഷാ സേനയെ രൂപവത്കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശസ്ത സംവിധായകന്‍ രോഹിത് ഷെട്ടിക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അതീവ ഗൗരവകരമാണെന്ന് ഫെഡറേഷന്‍ അപലപിച്ചു.