

മലയാള സിനിമയുടെ ചരിത്രത്താളുകള്‍ തിരുത്തിക്കുറിച്ച് 'ദൃശ്യം 3' ബോക്‌സ് ഓഫീസില്‍ പടയോട്ടം തുടരുകയാണ്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ദൃശ്യവിരുന്ന് ആഗോളതലത്തില്‍ 250 കോടി പിന്നിടുമ്പോള്‍, ഇതാ ബോളിവുഡില്‍നിന്ന് മറ്റൊരു ആവേശവാര്‍ത്തയെത്തുന്നു. ഹിന്ദിസിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
സംവിധായകന്‍ അഭിഷേക് പഥക് തന്നെയാണ് സന്തോഷവാര്‍ത്ത സിനിമാലോകവുമായി പങ്കുവെച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങളുടെ ലോകം ഈ സിനിമ മാത്രമായിരുന്നുവെന്ന് വൈകാരികമായ കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. ഒട്ടനവധി രാപ്പകലുകളുടെ അധ്വാനവും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ഈ യാത്രയെന്നും, ഒടുവില്‍ കഥയ്ക്ക് പൂര്‍ണത നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു റീമേക്ക് എന്നതിനപ്പുറം, ബോളിവുഡ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ തക്കവണ്ണം മലയാളം പതിപ്പില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപരിസരമാണ് ഹിന്ദി പതിപ്പിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സൂചനകള്‍. വിജയ് സാല്‍ഗോങ്കറിന്റെയും കുടുംബത്തിന്റെയും അടുത്ത നീക്കങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് തികച്ചും സസ്‌പെന്‍സ് നിറഞ്ഞ ഒന്നായിരിക്കും.
അജയ് ദേവ്ഗണ്‍ വീണ്ടും വിജയ് സാല്‍ഗോങ്കറായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍, ശ്രേയ ശരണ്‍, തബു, പ്രകാശ് രാജ് തുടങ്ങിയ വമ്പന്‍ താരനിര തന്നെയാണ് മൂന്നാം ഭാഗത്തിലും അണിനിരക്കുന്നത്. മലയാളത്തില്‍ ജോര്‍ജുകുട്ടി സൃഷ്ടിച്ച തരംഗം ബോളിവുഡില്‍ വിജയ് സാല്‍ഗോങ്കര്‍ ആവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് ബി ടൗണ്‍.