

രണ്‍വീര്‍ സിങ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ധുരന്ധര്‍ 2' ആവേശമുയർത്തി തിയറ്ററുകളിലെത്തി. പക്ഷേ വിവിധ ഭാഷകളിലെ പ്രീമിയര്‍ ഷോ റദ്ദാക്കിയത് ആരാധകരിൽ നിരാശ പടർത്തി. ചിത്രത്തിന്റെ ഡബ്ബ് ചെയ്ത പതിപ്പുകളുടെ ഡിജിറ്റല്‍ കണ്ടന്റ് ലഭ്യമാക്കാന്‍ വൈകിയതാണ് അപ്രതീക്ഷിത പ്രതിസന്ധിക്കു കാരണം.
കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ പ്രീമിയര്‍ ഷോകളാണ് റദ്ദാക്കിയത്. ചെന്നൈയിലെ വെട്രി തിയറ്റേഴ്‌സ്, കോയമ്പത്തൂരിലെ ബ്രോഡ്വേ സിനിമാസ് തുടങ്ങിയ പ്രമുഖ തിയറ്ററുകള്‍ തമിഴ് പതിപ്പിന്റെ ഷോ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു. പകരം ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിക്കുമെന്നും ടിക്കറ്റ് എടുത്തവര്‍ക്ക് തുക മടക്കി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
കൊച്ചിയിലും ബംഗളൂരുവിലും കന്നഡ, മലയാളം പതിപ്പുകളുടെ പ്രീമിയറുകള്‍ റദ്ദാക്കി. പലയിടങ്ങളിലും കണ്ടന്റ് ഡെലിവറിയിലെ കാലതാമസം മൂലം ഷോ തുടങ്ങാന്‍ കഴിഞ്ഞില്ല. ആന്ധ്രയിലും തെലങ്കാനയിലും തെലുങ്ക് പതിപ്പിന് പകരം ഹിന്ദി പതിപ്പാണ് പല തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നത്. ഹിന്ദി പതിപ്പിന്റെ പ്രീമിയര്‍ ഷോ റദ്ദാക്കിയിട്ടില്ലെങ്കിലും, ഡിജിറ്റല്‍ മാസ്റ്റര്‍ അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസം മൂലം രാജ്യത്തുടനീളം പലയിടങ്ങളിലും ഷോ വൈകിയാണ് ആരംഭിച്ചത്. വൈകുന്നേരം 4:30-ന് നിശ്ചയിച്ചിരുന്ന പല ഷോകളും മണിക്കൂറുകള്‍ വൈകിയത് ആരാധകരെ പ്രകോപിപ്പിച്ചു.
ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ധുരന്ധര്‍' റിലീസ് ചെയ്തപ്പോഴും സമാനമായ രീതിയില്‍ അവസാന നിമിഷം പ്രീമിയര്‍ ഷോകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. രണ്ടാം തവണയും പ്രതിസന്ധി ഉടലെടുത്തത് നിര്‍മാണ കമ്പനിയായ ജിയോ സ്റ്റുഡിയോസിനെയും ബി62 സ്റ്റുഡിയോസിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളില്‍ സംവിധായകന്‍ ആദിത്യ ധര്‍ ആരാധകരോടു ക്ഷമാപണം നടത്തി.
ആദ്യ ഭാഗം ആഗോള ബോക്‌സ് ഓഫീസില്‍ 1300 കോടിയിലധികം രൂപ നേടി ചരിത്രം കുറിച്ചിരുന്നു. നിലവില്‍ ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിൽ കാണാം. വിജയ്‌യുടെ 'ജനനായകന്‍' പോലെ 'ധുരന്ധര്‍ 2' ഉം റിലീസിന് മുമ്പ് വലിയ വാര്‍ത്താപ്രാധാന്യം നേടുകയാണ്.