

കരുത്തുറ്റ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി അനില്‍ കപുര്‍ വീണ്ടും സ്‌ക്രീനിലെത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സുബേദാറി'ന്റെ ആവേശമുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. അഴിമതിക്കും നിയമവിരുദ്ധ മണല്‍ മാഫിയക്കുമെതിരെ പോരാടുന്ന മുന്‍ സൈനികനായാണ് അനില്‍ കപുര്‍ ചിത്രത്തില്‍ വേഷമിടുന്നത്.
ഇന്ത്യയുടെ ഹൃദയഭൂമിയില്‍ വേരൂന്നിയ മണല്‍ ഖനന മാഫിയയുടെ ക്രൂരതകളും അവര്‍ സൃഷ്ടിക്കുന്ന ഭീതിയുമാണ് സിനിമയുടെ പ്രമേയം. സൈന്യത്തില്‍നിന്നു വിരമിച്ച് നാട്ടിലെത്തുന്ന സുബേദാര്‍ അര്‍ജുന്‍ മൗര്യ, തന്റെ നാട് ഗുണ്ടായിസത്തിനു കീഴ്‌പ്പെട്ടതില്‍ മനംനൊന്ത് അവര്‍ക്കെതിരെ പോരാട്ടംനയിച്ച്,അവരെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.
'നെഞ്ചില്‍ വെടികൊണ്ടാലും ഒരു പട്ടാളക്കാരന്‍ അപമാനം സഹിക്കാനാവില്ല'-ട്രെയിലറിലെ അനില്‍ കപുറിന്റെ ഈ സംഭാഷണം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ആദിത്യ റാവല്‍ അവതരിപ്പിക്കുന്ന 'പ്രിന്‍സ്' എന്ന വില്ലന്‍ കഥാപാത്രവും അര്‍ജുന്‍ മൗര്യയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
മാസ് ആക്ഷന്‍ സിനിമ എന്നതിലുപരി അര്‍ജുന്‍ മൗര്യയും മകള്‍ ശ്യാമയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുമ്പോഴും തന്റെ തകര്‍ന്ന കുടുംബബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പിതാവിനെ കൂടി 'സുബേദാറി'ല്‍ കാണാം.
സുരേഷ് ത്രിവേണിയും പ്രജ്വല്‍ ചന്ദ്രശേഖറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ത്രിവേണിയാണ് സംവിധാനം. അനില്‍ കപുറിനൊപ്പം രാധിക മദന്‍, ആദിത്യ റാവല്‍, സൗരഭ് ശുക്ല, മോണ സിംഗ്, ഫൈസല്‍ മാലിക് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നു. ഓപ്പണിംഗ് ഇമേജ് ഫിലിംസ് പ്രൊഡക്ഷനും അനില്‍ കപുര്‍ ഫിലിം ആന്റ് കമ്യൂണിക്കേഷന്‍ നെറ്റ്വർക്കും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം. മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.