

താന്‍ അഭിനയരംഗത്തുനിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. അടുത്തിടെ തന്റെ ബ്ലോഗില്‍ കുറിച്ച ചില വരികള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് താരം തന്നെ കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയത്. താന്‍ അഭിനയം നിര്‍ത്തില്ലെന്നും ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പുതിയ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു.
തന്റെ മുന്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ 'ഇനി വിരമിക്കാനുള്ള സമയം' എന്ന വരിയാണ് ഈ തെറ്റിദ്ധാരണകള്‍ക്ക് വഴിവെച്ചത്. ഇതിന് മറുപടിയായി, താന്‍ അഭിനയജീവിതം അവസാനിപ്പിക്കുകയാണെന്ന് അര്‍ഥമാക്കുന്നില്ലെന്നും അന്നത്തെ ജോലി കഴിഞ്ഞ് ഉറങ്ങാന്‍ പോകുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ബച്ചന്‍ തമാശരൂപേണ കുറിച്ചു. മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതിനെ നര്‍മത്തില്‍ ചാലിച്ച് വിമര്‍ശിച്ച അദ്ദേഹം, 'ഇല്ല സര്‍, ഞാന്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നില്ല', ഇംഗ്ലീഷില്‍ ഇതിന്റെ അര്‍ഥം ഞാന്‍ ഉറങ്ങാന്‍ പോകുന്നു എന്നാണ്' എന്ന് വ്യക്തമാക്കുകയും ചെയ്തു.
83-ാം വയസിലും ബിഗ് ബി സിനിമാ-ടെലിവിഷന്‍ രംഗത്ത് തികച്ചും സജീവമാണ്. ജനപ്രിയ റിയാലിറ്റി ഷോയായ 'കോന്‍ ബനേഗ ക്രോര്‍പതി'യുടെ 18ാം സീസണിന്റെ അവതാരകനായി അദ്ദേഹം ഇപ്പോള്‍ തുടരുകയാണ്. ജോലിയുടെ തിരക്കുകള്‍ക്കിടയിലും ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന താരം, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയും പ്രതികരിച്ചു.