പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ദി രാജാ സാബ് തീയറ്ററിൽ മൂന്നരമണിക്കൂർ ആവേശംതീർക്കും. ചിത്രത്തിന്റെ ടീസർ ആരാധകർ ആഘോഷമാക്കിയതിനു പിന്നാലെ സംവിധായകൻ തന്നെയാണ് സിനിമയുടെ ദൈർഘ്യത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഇംഗ്ലീഷിൽ ചിത്രം പ്രദർശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ്, ചിത്രത്തിന്റെ ദൈർഘ്യം മൂന്നര മണിക്കൂറാണെന്ന് സംവിധായകൻ മാരുതി വെളിപ്പെടുത്തിയത്. ‘അനിമൽ’, ‘ആർആർആർ’ തുടങ്ങിയ ചിത്രങ്ങളും മൂന്ന് മണിക്കൂറിൽ കൂടുതലുണ്ടായിരുന്നു. എന്നിട്ടും ഈ രണ്ടു സിനിമകളും തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രഭാസ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
രാജാസാബ് ഒരു റൊമാന്റിക്– ഹൊറർ എന്റർടെയ്നറാണ്. പ്രഭാസിന്റെ കരിയറിലെ തന്നെ ആദ്യത്തെ ഹൊറർ ചിത്രമാണിത്. ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും. ഏകദേശം രണ്ടുമിനിട്ട് 18 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മലയാളി താരം മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിലുണ്ട്. മാളവികയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.
ഇടതൂർന്ന വനത്തിനിടയിലെ നിഗൂഢവും മനോഹരവുമായ ദൃശ്യങ്ങളിലൂടെയാണ് ടീസർ വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ഉഗ്രശബ്ദത്തിലുള്ള വോയ്സ്ഓവർ കേൾക്കാം. 'ഈ വീട് എന്റെ ശരീരമാണ്. ഈ സമ്പത്ത് എന്റെ ജീവിതം തന്നെയാണ്. ഞാൻ പോയതിനുശേഷവും ഇത് അനുഭവിക്കാൻ പോകുന്നതും ഞാൻ മാത്രമാണ്...' ചിരിയും, ഭയപ്പെടുത്തുന്ന നിമിഷങ്ങളും നിറഞ്ഞ യാത്രയാണ് തുടർന്നുള്ളത്. ഒരു രംഗത്തിൽ, പ്രഭാസ് രണ്ട് കൈകളും ഉപയോഗിച്ച് കത്തുന്ന കയറുകളിൽ ആടുന്നത് കാണാം.
പൂർവികസ്വത്തുതേടി ഹവേലിയിലേക്കു പ്രവേശിച്ചതിനെത്തുടർന്ന് നായകന്റെ ജീവിതം മാറിമറിയുന്നു. തുടർന്നു നടക്കുന്ന അമാനുഷികശക്തിയുമായുള്ള പ്രഭാസിന്റെ ഏറ്റുമുട്ടൽ ആരാധകർക്കുള്ള ദൃശ്യവിരുന്നായിരിക്കും. 'രാജാ സാബി'ന്റെ ടീസർ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തൊട്ടുപിന്നാലെ, നിർമാതാക്കൾ വിഷയത്തിൽ പ്രസ്താവന പുറത്തിറക്കി. 'രാജാ സാബി'ൽനിന്നുള്ള എന്തെങ്കിലും ഉള്ളടക്കം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് അവർ വ്യക്തമാക്കി. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ആണ് ചിത്രം നിർമിച്ചത്.