വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കുടകിൽ നടന്ന വിവാഹസത്കാരത്തിൽ ഫോട്ടോ-അറേഞ്ച്ഡ്
Telugu

'കുടക് വനിതകള്‍ അതിസുന്ദരികള്‍, ഞാന്‍ വിവാഹം കഴിച്ചതും അങ്ങനെയൊരാളെ'

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷമാക്കിയ വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിനു പിന്നാലെ, രശ്മികയുടെ ജന്മനാടായ കുടകില്‍ നടന്ന വിവാഹസത്കാരം ശ്രദ്ധേയമാകുന്നു. ഏപ്രില്‍ ആറിന് വിരാജ്‌പേട്ടയിലെ സെറിനിറ്റി കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തന്റെ പ്രിയതമയെക്കുറിച്ചും കുടകിന്റെ സൗന്ദര്യത്തെക്കുറിച്ചും വിജയ് സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കുടക് മനോഹരമായ സ്ഥലമാണെന്നും താന്‍ മുന്‍പേ തന്നെ കുടകിന്റെ ആരാധകനാണെന്നും വിജയ് ചടങ്ങില്‍ പറഞ്ഞു. 'ഇത് മൂന്നാം തവണയാണ് ഞാന്‍ ഇവിടെ വരുന്നത്. രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ആദ്യത്തെ അവധിക്കാല യാത്ര കുടകിലേക്കായിരുന്നു. രസകരമായ കാര്യം, അന്ന് ഞാന്‍ താമസിച്ചത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു' -വിജയ് ഓര്‍മകള്‍ പങ്കുവച്ചു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹവിരുന്നിൽ

കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിക്കാനും താരം മറന്നില്ല. 'രശ്മികയെ കാണുന്നതിന് മുന്‍പേ തന്നെ കുടകിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ എനിക്കു ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ അതിയായ സന്തോഷവാനാണ്. അടുത്ത തവണ വരുമ്പോള്‍ രശ്മികയുടെ കുട്ടിക്കാലത്തെ ഓര്‍മകളിലൂടെയും കുടകിന്റെ മനോഹരപ്രകൃതിയിലൂടെയും കൂടുതല്‍ സഞ്ചരിക്കണം.'- വിജയ് കൂട്ടിച്ചേര്‍ത്തു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഹൈദ്രാബാദിലെവിവാഹവിരുന്നിൽ

തന്റെ മുപ്പതാം ജന്മദിനത്തിന്റെ തൊട്ടുപിന്നാലെ നടന്ന ചടങ്ങില്‍ കുടകിന്റെ പാരമ്പര്യം വിളിച്ചോതുന്ന വേഷത്തിലാണ് രശ്മിക എത്തിയത്. പിങ്ക്-ഒലീവ് ഗ്രീന്‍ നിറത്തിലുള്ള പട്ടുസാരി കുടക് ശൈലിയില്‍ അണിഞ്ഞ താരം അതിസുന്ദരിയായിരുന്നു. കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടും ബ്ലേസറും അണിഞ്ഞാണ് വിജയ് ചടങ്ങിനെത്തിയത്. ഫെബ്രുവരി 26-ന് ഉദയ്പുരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹൈദ്രാബാദില്‍ സിനിമാസുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു.