സോഷ്യൽ മീഡിയയിലെ നെഗറ്റിവ് ക്യാമ്പയിനുകൾക്കെതിരെ കടുത്ത നടപടിയുമായി പ്രഭാസ് ചിത്രം 'ദ് രാജാസാബി'ന്റെ അണിയറപ്രവർത്തകർ. മര്യാദയില്ലാത്ത ട്രോളുകളും അധിക്ഷേപകരമായ പരാമർശങ്ങളും അതിരുകടക്കുമ്പോൾ വെറുതെയിരിക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ. സംക്രാന്തി റിലീസായി തിയറ്ററുകളിലെത്തിയ 'രാജാ സാബ്' ബോക്സ് ഓഫീസിൽ പതറുന്നു എന്ന വാർത്തകൾക്കിടയിലാണ്, ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ എസ്കെഎൻ സൈബർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്.
തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കി സിനിമയെയും അതിലെ അഭിനേതാക്കളെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നതാണ് എസ്കെഎന്നിന്റെ പ്രധാന പരാതി. സിനിമയെ മന:പൂർവം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. 'സിനിമയെയും താരങ്ങളെയും ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.'-അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സിനിമയുടെ ഷൂട്ടിങ് ഘട്ടം മുതൽ തന്നെ ചിലർ നെഗറ്റിവ് ക്യാമ്പയിനുകൾ നടത്തിയിരുന്നതായി ടീസർ ലോഞ്ച് വേളയിൽ എസ്കെഎൻ തുറന്നടിച്ചിരുന്നു. മറ്റൊരു നിർമാതാവ് ഇതിനായി ശ്രമിച്ചുവെന്നും എന്നാൽ പ്രഭാസിന്റെ പൂർണ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ചിത്രം പൂർത്തിയായതെന്നും എസ്കെഎൻ പറഞ്ഞിരുന്നു. സിനിമ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണം നേടിയതോടെ ട്രോളന്മാർ ഈ പരാമർശങ്ങളെ വീണ്ടും ചർച്ചയാക്കി.
മാരുതി സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം 400 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാൽ റിലീസിന് ശേഷം ലോകമെമ്പാടുനിന്നുമായി ഏകദേശം 200 കോടി രൂപയാണ് ചിത്രം ഇതുവരെ സമാഹരിച്ചത്. ചിരഞ്ജീവിയുടെ 'മന ശങ്കര വരപ്രസാദ് ഗാരു', രവി തേജയുടെ 'ഭർത്ത മഹാശയുലകു വിജ്ഞാപതി' തുടങ്ങിയ വമ്പൻ ചിത്രങ്ങളുമായി ബോക്സ് ഓഫീസിൽ മത്സരിക്കേണ്ടി വന്നതും സിനിമയുടെ കളക്ഷനെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയാണ് നിർമിച്ചത്.