'രാജാസാബി'ൽ പ്രഭാസ് ഫോട്ടോ-അറേഞ്ച്ഡ്
Telugu

ബോക്‌സ്ഓഫീസില്‍ 'രാജാ സാബ്' തരംഗം; അഡ്വാന്‍സ് ബുക്കിങ്ങില്‍ കോടികള്‍ നേടി പ്രഭാസ്

പപ്പപ്പ ഡസ്‌ക്‌

പാന്‍ ഇന്ത്യന്‍ താരം പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം 'ദ് രാജാ സാബ്' വെള്ളിയാഴ്ച തിയറ്ററുകളില്‍. റിലീസിന് മുന്‍പ് തന്നെ അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് ചിത്രം രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയൊട്ടാകെ ഇതിനോടകം അഞ്ചു കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്ക്. ബ്ലോക്ക് ചെയ്ത് സീറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ പത്തുകോടിയിലേറെ വരുമെന്നാണ് പ്രാഥമിക കണക്ക്.

ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കാണ് മികച്ച പ്രതികരണം ലഭിക്കുന്നത്. ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം തെലുങ്ക്- 1,381 ഷോകളില്‍ നിന്നായി 2.38 കോടി രൂപ (84,894 ടിക്കറ്റുകള്‍). ഹിന്ദി- 1,519 ഷോകളില്‍ നിന്നായി 1.12 കോടി രൂപ (40,725 ടിക്കറ്റുകള്‍). ആകെ- ഇന്ത്യയിലുടനീളം 3,615 ഷോകളിലായി 1,29,454 ടിക്കറ്റുകള്‍ വിറ്റുപോയി. ബ്ലോക്ക് ചെയ്ത സീറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ ഗ്രോസ് കളക്ഷന്‍ 10 കോടി രൂപ കടക്കുമെന്നാണ് സൂചന. വിജയിന്റെ ജനനായകൻ റിലീസ് നീട്ടിയതും വരുംദിവസങ്ങളിൽ 'രാജാസാബി'ന് ​ഗുണമായി മാറും.

'രാജാസാബ്' ട്രയിലറിൽ നിന്ന്

ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പെയ്ഡ് പ്രീമിയര്‍ ഷോകള്‍ക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ സ്‌ക്രീനുകളില്‍ ടിക്കറ്റ് നിരക്കില്‍ 150 രൂപയുടെ വര്‍ധന അനുവദിച്ചിട്ടുണ്ട്. ഇതോടെ സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ നിരക്ക് 297 രൂപ വരെയായി ഉയരും. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് നിര്‍മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ബോമന്‍ ഇറാനി, മാളവിക മോഹനന്‍, നിധി അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ രാജാ സാഹിബ് ഏറ്റെടുക്കുന്നത്.