തിയറ്ററുകളെ സസ്പെൻസ് കൊണ്ടു വിസ്മയിപ്പിച്ച, ശ്രീറാം വേണു സംവിധാനം ചെയ്ത, യുവതാരം നിധിന്റെ ആക്ഷൻ ചിത്രമാണ് 'തമ്മുഡു.' വെള്ളിയാഴ്ച റിലീസ് ആയ ഈ തെലുങ്ക് ചിത്രം, റിലീസിന് മുമ്പ് തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള മനോഹരമായ ബന്ധമാണ് 'തമ്മഡു'വിന്റെ ഇതിവൃത്തം. തിയേറ്റർ പ്രദർശനത്തിനു ശേഷം വൈകാതെ, സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ ആദ്യദിനംതന്നെ സൂചനകൾ നൽകി.
ശ്രീറാം വേണുവും കാർത്തിക് റെഡ്ഡി പശുനുവും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ്, രവി സുർണെഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അംബരഗോഡുഗു എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ അദൃശ്യവും ശക്തവുമായ ശക്തി, ഗ്രാമവാസികളെ കെണിയിൽ അകപ്പെടുത്തുന്നു. ഗ്രാമീണർ ദുരന്തജീവിതവുമായി മുന്നോട്ടുപോകുമ്പോൾ അവിടെയൊരു യുവരക്ഷകനെത്തുന്നു. ഗ്രാമവാസികളെ അവരുടെ വിധിനിയന്ത്രണങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നു. സഹോദരിയുടെ നിറവേറ്റാത്ത പ്രതിജ്ഞ നിറവേറ്റാൻ ലക്ഷ്യവുമായി ജീവിക്കുന്ന ദു:ഖിതനായ സഹോദരനായാണ് നിധിൻ എത്തുന്നത്. ഗ്രാമീണരെ അടിച്ചമർത്തലിൽനിന്നു മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് കഥാനായകന്റെ തിരിച്ചുവരവ്.
നിധിനൊപ്പം ലയ, സ്വാസിക വിജയ്, വർഷ ബൊല്ലമ്മ, സപ്തമി ഗൗഡ, സൗരഭ് സച്ദേവ, ടെമ്പർ വംശി, ബാലഗം സഞ്ജയ് കൃഷ്ണ, ഹരി തേജ, ചമ്മക് ചന്ദ്ര, അദ്ദങ്കി രോഹിത്, ശ്രീകാന്ത് ഇയ്യങ്കാർ തുടങ്ങിയ താരങ്ങളും തമ്മഡുവിൽ അഭിനയിക്കുന്നു. 'സൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് നിധിൻ. അടുത്തിടെ 'റോബിൻഹുഡി'ൽ അഭിനയിച്ച അദ്ദേഹം 'മാസ്ട്രോ', 'ഇഷ്ക്', 'ഭീഷ്മ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.