ബോളിവുഡിന്റെ സുല്‍ത്താന്‍ സല്‍മാന്‍ ഖാനും തെന്നിന്ത്യന്‍ സംവിധായകന്‍ വംശി പൈഡിപ്പള്ളിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'SVC63'-യെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ ആവേശത്തോടെയാണു ചലച്ചിത്രലോകം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ സല്‍മാന്റെ കരുത്തനായ വില്ലനായി ആരെത്തും എന്ന ചോദ്യത്തിന് ഇപ്പോള്‍ രണ്ടു പ്രധാന പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലും ബോളിവുഡ് താരം അക്ഷയ് ഖന്നയും.
സല്‍മാന്‍ ഖാന്റെ സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം നില്‍ക്കുന്ന രീതിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാളെ വില്ലന്‍ വേഷത്തില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ഫഹദ് ഫാസിലിന്റെ സ്വാഭാവിക അഭിനയശൈലിയും അക്ഷയ് ഖന്നയുടെ തനതായ രീതിയും ഒരുപോലെ പരിഗണനയിലുണ്ട്. നേരത്തെ അരവിന്ദ് സ്വാമിയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. വില്ലന്‍ വേഷം ചെയ്യുന്ന ആളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഹൈദരാബാദിലെ അടുത്ത ഷെഡ്യൂളിന് മുന്‍പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആദ്യമായി സല്‍മാന്‍ ഖാന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയ് നായകനായ 'വാരിസ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം കൂടിയാണിത്. സല്‍മാന്‍ ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നായിട്ടാണ് 'SVC63' വിലയിരുത്തപ്പെടുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.
2027-ലെ ഈദ് ലക്ഷ്യമിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിലവില്‍ മണാലിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനുപുറമെ ഗാല്‍വന്‍ വാലി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അപൂര്‍വ ലഖിയ ഒരുക്കുന്ന 'മാതൃഭൂമി' എന്ന ചിത്രത്തിലും സല്‍മാന്‍ അഭിനയിക്കുന്നുണ്ട്.