ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന എസ്.എസ്. രാജമൗലിചിത്രം ‘വാരണാസി’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. നിർമാതാവും രാജമൗലിയുടെ മകനുമായ എസ്.എസ്. കാർത്തികേയ വെളിപ്പെടുത്തിയതനുസരിച്ച് ചിത്രത്തിന്റെ മുഴുവൻ ഷൂട്ടിങ്ങും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് സാധ്യത. മഹേഷ് ബാബു അടുത്ത ആഴ്ചയോടെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ വമ്പൻ സ്കെയിലും ഒന്നിലധികം കാലഘട്ടങ്ങളിലൂടെയുള്ള കഥാപശ്ചാത്തലവും വിപുലമായ വിഷ്വൽ എഫക്ട്സ് ജോലികളും കണക്കിലെടുത്ത് ചിത്രീകരണം പൂർത്തിയാക്കാൻ രണ്ട് വർഷത്തിലധികം സമയമെടുക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്,ഇന്ത്യൻസിനിമയിലെ മാന്ത്രികനായ രാജമൗലി കൃത്യമായ ആസൂത്രണത്തോടെ ചിത്രം നേരത്തെ പൂർത്തിയാക്കാനൊരുങ്ങുകയാണ്.
നിലവിലെ ഷെഡ്യൂൾ മാറ്റമില്ലാതെ മുന്നോട്ടുപോയാൽ ചിത്രത്തിന്റെ ഷൂട്ടിങ് രണ്ട് വർഷം തികയുന്നതിന് മുമ്പുതന്നെ പൂർത്തിയാകും. ചിത്രത്തിന്റെ വലുപ്പവും സാങ്കേതിക സങ്കീർണതകളും പരിഗണിക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണ്. ചിത്രങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുന്ന സംവിധായകനെന്ന നിലയിൽ അറിയപ്പെടുന്ന രാജമൗലിയുടെ ഇത്രയും വലിയൊരു ചിത്രം കൃത്യമായസമയക്രമത്തിൽ ചിത്രീകരണം പൂർത്തിയാക്കുന്നതിൽ സിനിമാലോകത്ത് പലരും അമ്പരപ്പിലാണ്.
എന്നാൽ ചിത്രീകരണം പൂർത്തിയാക്കുന്നത് യാത്രയുടെ ഒരു ഭാഗം മാത്രമാണ്. പോസ്റ്റ് പ്രൊഡക്ഷനാണ് ഇനി പ്രധാന വെല്ലുവിളി. വിപുലമായ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ‘വാരണാസി’യിൽ വലിയ തോതിലുള്ള വിഎഫ്എക്സ് ജോലികളുണ്ട്. രാമായണവുമായി ബന്ധപ്പെട്ട നിർണായകമായൊരു എപ്പിസോഡും ചിത്രത്തിലുണ്ട്. ചില വിഷ്വൽ എഫക്ട്സ് ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ടെങ്കിലും വലിയൊരു ഭാഗം ഇനിയും ബാക്കിയാണ്.
'ആര്‍ആര്‍ആറി'ന്റെ ഓസ്‌കര്‍ വിജയത്തിനുശേഷം രാജമൗലിയില്‍നിന്ന് എത്തുന്ന ചിത്രം എന്ന നിലയില്‍ ആഗോള സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് ‘വാരണാസി‘യെ കാണുന്നത്. മഹേഷ് ബാബുവിന് പുറമേ പ്രിയങ്ക ചോപ്ര,പ്രകാശ് രാജ്,പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് കീരവാണിയാണ് സംഗീതമൊരുക്കുന്നത്. ആഫ്രിക്കന്‍ കാടുകളും അന്റാര്‍ട്ടിക്കയുമടക്കം വിവിധ ഭൂഖണ്ഡങ്ങളിലെ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന വാരണാസി പൂര്‍ണമായും ഐമാക്‌സ് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മാർച്ചോടെ പൂർത്തിയാക്കി പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നതെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള വിവരം. നിലവിൽ ടീമിന് ഏറ്റവും വലിയ ആശ്വാസം ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നുവെന്നതാണ്. ഇതോടെ, 2027 ഏപ്രിൽ 7ന് നിശ്ചയിച്ചിരിക്കുന്ന റിലീസിലേക്ക് ചിത്രം കൃത്യമായി മുന്നേറുകയാണ്.