'വാരണാസി' ടൈറ്റിൽ പോസ്റ്റർ അറേഞ്ച്ഡ്
Telugu

ഹോളിവുഡ് വമ്പന്മാരോട് കൊമ്പുകോർക്കാൻ 'വാരണാസി'; റിലീസ് 2027 ഏപ്രില്‍ 7ന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബാഹുബലിയും ആര്‍ആര്‍ആറും സമ്മാനിച്ച ദൃശ്യവിസ്മയങ്ങള്‍ക്കുശേഷം ഇന്ത്യന്‍ സിനിമയുടെ മാന്ത്രികന്‍ എസ്.എസ്. രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 'വാരണാസി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ആഗോള അഡ്വഞ്ചര്‍ ത്രില്ലര്‍ 2027 ഏപ്രില്‍ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും. എന്നാല്‍ ആഗോളതലത്തില്‍ വലിയ റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തെ കാത്തിരിക്കുന്നത് ഹോളിവുഡ് ബോക്‌സ് ഓഫീസിലെ കടുത്ത മത്സരമാണ്.

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ 'ഗോഡ്‌സില്ല x കോങ്: സൂപ്പര്‍നോവ', ലയണ്‍സ്‌ഗേറ്റിന്റെ 'ദ് റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്: പാര്‍ട്ട് വണ്‍' തുടങ്ങിയ വമ്പന്‍ ഹോളിവുഡ് ചിത്രങ്ങളാണ് 2027 ഏപ്രിലില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ ഹോളിവുഡ് ചിത്രങ്ങളുടെ തിരക്കിനിടയിലും വാരണാസിക്ക് അന്താരാഷ്ട്ര തലത്തില്‍ പരമാവധി ഐമാക്‌സ് സ്‌ക്രീനുകള്‍ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

എം.എം.കീരവാണി,പ്രിയങ്ക ചോപ്ര,മഹേഷ് ബാബു,എസ്.എസ്.രാജമൗലി,പൃഥ്വിരാജ് എന്നിവർ

ആര്‍ആര്‍ആറിന്റെ ഓസ്‌കര്‍ വിജയത്തിനുശേഷം രാജമൗലിയില്‍നിന്ന് എത്തുന്ന ചിത്രം എന്ന നിലയില്‍ ആഗോള സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് വാരണാസിയെ നോക്കിക്കാണുന്നത്. മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

'വാരണാസി' ട്രെയിലറിൽ നിന്ന്

ആഫ്രിക്കന്‍ കാടുകളും അന്റാര്‍ട്ടിക്കയുമടക്കം വിവിധ ഭൂഖണ്ഡങ്ങളിലെ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന വാരണാസി പൂര്‍ണമായും ഐമാക്‌സ് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ്. ഓസ്‌കര്‍ ജേതാവ് എം.എം. കീരവാണി സംഗീതമൊരുക്കുന്ന ചിത്രത്തിനായി ആയിരം കോടിയിലധികം രൂപയാണ് ബജറ്റ് കണക്കാക്കുന്നത്. ഹോളിവുഡ് റിലീസുകളുടെ തിരക്കിനിടയിലും ഇന്ത്യന്‍ സിനിമയുടെ കരുത്ത് ആഗോള ബോക്‌സ് ഓഫീസില്‍ തെളിയിക്കാന്‍ വാരണാസിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.