കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ 'ബിലോങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന ആത്മകഥ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും മുൻ എം.എൽ.എയുമായ ജഗ്ഗ റെഡ്ഡിയാണ് ജീവചരിത്രസിനിമയുടെ പ്രഖ്യാപനം നടത്തിയത്. സംഗറെഡ്ഡി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡലത്തിലെ കോണ്‍ഗ്രസ് കണ്‍വീനര്‍ ജുലകാന്തി ആഞ്ജനേയുലു രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് ആവശ്യമായ ബാക്കി തുക കണ്ടെത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ജഗ്ഗ റെഡ്ഡി ആഹ്വാനം ചെയ്തു.
ചിത്രത്തിന്റെ പ്രാരംഭജോലികള്‍ ഏകോപിപ്പിക്കുന്നതിനായി അമ്പതു പേര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിലേക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ടിപിസിസി അധ്യക്ഷന്‍ മഹേഷ് കുമാര്‍ ഗൗഡ് എന്നിവരെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ഇറ്റലിയിലെ ബാല്യകാലം മുതല്‍ രാജീവ് ഗാന്ധിയുടെ ജീവിതസഖിയായി ഇന്ത്യയിലേക്ക് എത്തുന്നതുവരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് സിനിമയില്‍ പ്രധാനമായും ആവിഷ്‌കരിക്കുന്നത്.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും അപ്രതീക്ഷിത വിയോഗങ്ങള്‍ക്ക് ശേഷം കുടുംബത്തിലുണ്ടായ പ്രതിസന്ധികളും, മക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ നേരിട്ട വൈകാരിക വെല്ലുവിളികളും ചിത്രത്തില്‍ വൈകാരികമായി അവതരിപ്പിക്കും.
വ്യക്തിജീവിതത്തിന് പുറമെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ഏടുകളും സിനിമയുടെ ഭാഗമാകും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള കടന്നുവരവ്, രാജീവ് ഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രി സ്ഥാനം നിരസിച്ച തീരുമാനം, പിന്നീട് യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി പദത്തിലേക്ക് ഡോ. മന്‍മോഹന്‍ സിങ്ങിനെ നിര്‍ദേശിച്ച ചരിത്രപരമായ നീക്കം തുടങ്ങിയ സുപ്രധാന രാഷ്ട്രീയ സംഭവങ്ങളും സിനിമയില്‍ ദൃശ്യവത്കരിക്കും.
ചിത്രത്തിന്റെ താരനിര്‍ണയവും മറ്റ് സാങ്കേതിക വിവരങ്ങളും വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പകര്‍പ്പുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്ന് ജഗ്ഗ റെഡ്ഡി വ്യക്തമാക്കി.
അതേസമയം, തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനത്തോട് സോണിയ ഗാന്ധിയോ, മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരോ പ്രതികരിച്ചിട്ടില്ല.