രേവന്ത് റെഡ്ഡി, സന്ദീപ് റെഡ്ഡി വംഗ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Telugu

വാറം​ഗൽ വിമാനത്താവളത്തിന് പേരുകൾ നിർദേശിച്ച് വം​ഗ; ഇതാണ് 'സ്പിരിറ്റ്' എന്ന് രേവന്ത്

പപ്പപ്പ റിപ്പോര്‍ട്ടര്‍

സ്വന്തം നാടായ വാറം​ഗലിൽ വരാനിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രഖ്യാപനത്തിൽ ആവേശം പ്രകടിപ്പിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. തന്റെ നഗരത്തിൽ അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് സംവിധായകൻ നന്ദി അറിയിച്ചു.

ഏറെക്കാലമായി കാത്തിരുന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നതിൽ സന്തോഷമുണ്ടെന്നും വാറം​ഗൽ സ്വദേശിയായ സന്ദീപ് പറഞ്ഞു. പുതിയ വിമാനത്താവളത്തിന് രണ്ട് പേരുകളും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ‘രുദ്രമ ഇന്റർനാഷണൽ എയർപോർട്ട്’ (RIA), ‘കാകതീയ ഇന്റർനാഷണൽ എയർപോർട്ട്’ (KIA) എന്നിവയാണ് നിർദേശിച്ച പേരുകൾ. വാറം​ഗൽ മേഖലയുടെയും അതിന്റെ ചരിത്രത്തിന്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന പേരുകളായിരിക്കും ഇവയെന്ന് സന്ദീപ് പറഞ്ഞു.

സന്ദീപ് റെഡ്ഡി വംഗയുടെ പോസ്റ്റിന് രേവന്ത് റെഡ്ഡി മറുപടി നൽകി. അദ്ദേഹത്തിന്റെ നിർദേശത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, 'ദാറ്റ്സ് ദ് സ്പിരിറ്റ്' എന്നാണ് പ്രതികരിച്ചത്. പ്രഭാസ് നായകനായ 'സ്പിരിറ്റ് 'ആണ് സന്ദീപ് റെഡ്ഡി വം​ഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. അതുകൂടി ചേർത്തുവച്ചുള്ള രേവന്തിന്റെ മറുപടി പെട്ടെന്നുതന്നെ സിനിമാആരാധകർ ഏറ്റെടുത്തു. ഇതോടെ വിമാനത്താവളത്തിന് സന്ദീപ് നിർദേശിച്ച പേരുകളും കൂടുതൽ ശ്രദ്ധ നേടി.

സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വാറം​ഗലിൽ നിലവിൽ വിമാനത്താവളമുണ്ടെങ്കിലും ഇത് ഏറെക്കാലമായി കാര്യമായ പ്രവർത്തനങ്ങളില്ലാതെ കിടക്കുകയാണ്. സ്ഥിരമായ വാണിജ്യ സർവീസുകൾ നടത്താൻ നിലവിലെ വിമാനത്താവളം പര്യാപ്തവുമല്ല. കേന്ദ്രസർക്കാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പച്ചക്കൊടി കാട്ടിയതോടെ, അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും തെലങ്കാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

വാറം​ഗലിലെ നിർദിഷ്ട അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രതീകാത്മകചിത്രം

വിമാനത്താവളത്തിന്റെ പ്രാഥമിക നടപടികൾ ഇപ്പോൾ മുന്നോട്ടുപോകുകയാണ്. നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപടികൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോയാൽ അടുത്ത വർഷം തന്നെ നിർമാണം ആരംഭിക്കാനും സാധ്യതയുണ്ട്.

സന്ദീപ് റെഡ്ഡി വംഗയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിമാനത്താവള പദ്ധതി മാത്രമല്ല. ഏറെക്കാലമായി തന്റെ ജന്മനാട് കണ്ട ഒരു സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷം കൂടിയാണിത്.