സംയുക്ത ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Telugu

രാം പോത്തിനേനിക്കൊപ്പം 'RAPO23'-ൽ സംയുക്ത,പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

തെലുങ്കിൽ വീണ്ടും വലിയ സിനിമകളുടെ ഭാ​ഗമാകുകയാണ് മലയാളി താരം സംയുക്ത. രാം പോത്തിനേനിയുടെ പുതിയ ചിത്രത്തിലാണ് ഇനി സംയുക്തയെ പ്രധാനവേഷത്തിൽ കാണാനാകുക. RAPO23 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ സംയുക്തയും ഭാ​ഗമാകുന്നുവെന്ന് അണിയറപ്രവർത്തകർ തന്നെ പ്രഖ്യാപിച്ചു. സംയുക്തയുടെ ജന്മദിനമായ വെള്ളിയാഴ്ച ആശംസനേർന്ന് പുറത്തിറക്കിയ പ്രത്യേക പോസ്റ്ററിലൂടെയായിരുന്നു പ്രഖ്യാപനം.

രാം പോത്തിനേനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രം കൂടിയാണ് 'RAPO23'. ഇതിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. സംവിധായകന്റെ കുപ്പായമണിയുന്നതിനൊപ്പം ചിത്രത്തിൽ നായകനായും രാം എത്തുന്നു.

ചിത്രം കൃഷ്ണ പോത്തിനേനി റാപ്പോ സിനിമാറ്റിക്സിന്റെ ബാനറിലാണ് നിർമിക്കുന്നത്. വൻ മുതൽമുടക്കിലും അത്യാധുനിക പ്രൊഡക്ഷൻ സംവിധാനങ്ങളിലുമാണ് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ് ഇപ്പോൾ.

സംയുക്തയ്ക്ക് സ്വാ​ഗതമോതിയും പിറന്നാൾ ആശംസനേർന്നും 'RAPO23' അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ

എനർജറ്റിക് സ്റ്റാർ എന്നു വിളിപ്പേരുള്ള രാം പോത്തിനേനിയുടെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് RAPO23ഒരുങ്ങുന്നത്. വ്യത്യസ്തമായ സിനിമാറ്റിക് അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഒരു നിയോ-നോയർ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. സംയുക്തയുടെ വരവോടെ ചിത്രത്തിലെ താരനിരയ്ക്ക് കൂടുതൽ കരുത്തേറുകയാണ്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു.

'RAPO23' അനൗൺസ്മെന്റ് പോസ്റ്റർ

'പോപ് കോൺ' എന്ന സിനിമയിലൂടെ സംയുക്ത മേനോൻ എന്ന പേരിലായിരുന്നു അരങ്ങേറ്റം. ടൊവിനോ തോമസിനൊപ്പമുള്ള 'തീവണ്ടി'യിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ തെലുങ്ക് സിനിമാലോകത്ത് സംയുക്തയെന്ന പേരിൽ തിരക്കേറിയ താരമാണ്. മലയാളത്തേക്കേൾ തെലുങ്ക് ചിത്രങ്ങളിലാണ് സംയുക്ത ഇപ്പോൾ അഭിനയിക്കുന്നതും. 'സ്ലം ഡോ​ഗ്', 'ദ് ബ്ലാക്ക് ​ഗോൾഡ്' എന്നിവയാണ് സംയുക്തയുടെ സമീപകാല തെലുങ്ക് ചിത്രങ്ങൾ.