'മൈസ' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Telugu

രശ്മികയുടെ 'മൈസ' റിലീസ് മാറ്റി; ഡിസംബർ 11ന് തിയേറ്ററുകളിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

രശ്മിക മന്ദാനയുടെ 'മൈസ'യുടെ റിലീസ് തീയതി മാറ്റി. നവംബർ 27ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി ഡിസംബർ 11നാകും റിലീസ് ചെയ്യുക. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ പുതുക്കിയ സർട്ടിഫിക്കേഷൻ സമയക്രമം അനുസരിച്ച് ചിത്രത്തിന്റെ അന്തിമ പ്രിന്റ് തയ്യാറാക്കുന്നതിലുണ്ടായ കാലതാമസമാണ് റിലീസ് മാറ്റാൻ കാരണമെന്നാണ് വിവരം.

ആവശ്യമായ നടപടിക്രമങ്ങൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ അണിയറപ്രവർത്തകർക്ക് കഴിയാത്തതിനെത്തുടർന്നാണ് റിലീസ് രണ്ടാഴ്ചത്തേക്ക് നീട്ടിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല റിലീസ് മാറ്റത്തിന് പിന്നിലെന്നും സർട്ടിഫിക്കേഷൻ നടപടികളിലെ കാലതാമസമാണ് കാരണമെന്നും തെലുങ്ക് മാധ്യമങ്ങൾ പറയുന്നു.

'മൈസ' ടീസർ റിലീസ് പോസ്റ്റർ

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന സിനിമയിൽ ഗോണ്ട് ഗോത്രവിഭാഗത്തിൽപ്പെട്ട ‘മൈസ’ എന്ന സ്ത്രീയായാണ് രശ്മിക മന്ദാന എത്തുന്നത്. രശ്മികയുടെ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയും ആക്ഷൻ രം​ഗങ്ങളും നിറഞ്ഞ ടീസർ പുറത്തുവന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

'മൈസ' ടീസറിൽ രശ്മിക മന്ദാന

മലയാളത്തിന്റെ സ്വന്തം ജേക്സ് ബിജോയ് ആണ് സം​ഗീതം. ശ്രേയാസ് പി. കൃഷ്ണയാണ് ഛായാഗ്രാഹകൻ. അൺഫോർമുല ഫിലിംസ് നിർമിച്ച 'മൈസ' തെലുങ്ക്, മലയാളം, കന്നഡ,തമിഴ്,ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.