എം.എസ്.സുബ്ബുലക്ഷ്മി,രശ്മിക മന്ദാന ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Telugu

എം.എസ്.സുബ്ബുലക്ഷ്മിയായി രശ്മിക മന്ദാന;ഔദ്യോ​ഗിക പ്രഖ്യാപനം സെപ്റ്റംബർ 16ന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യൻസിനിമയെത്തന്നെ ആവേശഭരിതമാക്കുന്ന വാർത്ത പുറത്ത്. ഇതിഹാസ കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയായി രശ്മിക മന്ദാന എത്തുന്നു. എം.എസ്. സുബ്ബുലക്ഷ്മിയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 16ന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

‘ജേഴ്സി’യിലൂടെ ശ്രദ്ധേയനായ ഗൗതം തിണ്ണനൂരിയാണ് ബയോപിക് സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ്, ബണ്ണി വാസ്, റോക്ക്ലൈൻ വെങ്കിടേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ എം.എസ്. സുബ്ബുലക്ഷ്മിയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്ന സായ് പല്ലവി നിലവിലെ സിനിമകളുടെ ഡേറ്റ് പ്രശ്നങ്ങൾ കാരണം ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് രശ്മികയ്ക്ക് ഈ കരിയർ നിർണായക കഥാപാത്രത്തിലേക്ക് അവസരം ലഭിച്ചതെന്നാണ് വിവരം.

രശ്മിക മന്ദാന വിവാഹവേദിയിൽ

കഴിഞ്ഞ ഏതാനും മാസങ്ങളായി ചിത്രത്തിലെ കാസ്റ്റിങ്ങിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രശ്മികയുടെ പേര് ഉയർന്നുവരുന്നതിന് മുമ്പ് രുക്മിണി വസന്തിനെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ രശ്മികയെ തന്നെ നായികയായി അണിയറപ്രവർത്തകർ അന്തിമമായി തീരുമാനിച്ചതായാണ് സൂചന.

എം.എസ്.സുബ്ബുലക്ഷ്മി

ഭാരതരത്ന പുരസ്കാര ജേതാവും ഇതിഹാസ കർണാടക സംഗീതജ്ഞയുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ബയോപിക് ഏറെ നാളായി വാർത്തകളിലുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ ഏറ്റവും ആദരണീയരായ വ്യക്തിത്വങ്ങളിലൊരാളായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ അത് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന സിനിമയായി മാറും. അതുകൊണ്ട് ചിത്രം മികച്ചതും കുറ്റമറ്റതുമാക്കാനുള്ള കഠിനാധ്വാനത്തിലാണ് അണിയറപ്രവർത്തകർ എന്നാണ് ടോളിവുഡ് റിപ്പോർട്ടുകൾ.

രശ്മിക മന്ദാന

എം.എസ്. സുബ്ബുലക്ഷ്മിയെ അവതരിപ്പിക്കുക എന്നത് രശ്മികയ്ക്ക് വലിയൊരു വെല്ലുവിളിയായിരിക്കും. കേവലം അഭിനയത്തിലൊതുങ്ങുന്നതല്ല ഈ കഥാപാത്രം. ഇതിഹാസ ഗായികയുടെ വ്യക്തിത്വവും സൗമ്യതയും മഹത്വവും ആലാപനശൈലിയുമെല്ലാം വെള്ളിത്തിരയിൽ വിശ്വസനീയമായി പുന:സൃഷ്ടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് താരത്തെ കാത്തിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ വേഷമാണെങ്കിലും, രശ്മികയ്ക്ക് അത് മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ കരിയറിലെ തന്നെ നിർണായക ചിത്രമായി ഇത് മാറിയേക്കും. ​

എം.എസ് സുബ്ബുലക്ഷ്മി(ഇടത്) 'സേവാസദനം' എന്ന സിനിമയിൽ

ഗായികയായി പേരെടുക്കും മുമ്പ് സിനിമയിലൂടെയാണ് സുബ്ബുലക്ഷ്മിയുടെ കലാജീവിതത്തിന്റെ തുടക്കം. 1938-ൽ എഫ്.ജി നടേശയ്യർക്കൊപ്പം സേവാസദനം എന്ന സിനിമയിൽ 22-ാംവയസ്സിൽ സുബ്ബുലക്ഷ്മി വേഷമിട്ടിരുന്നു.

രശ്മിക മന്ദാന

കരിയറിൽ തിരക്കേറിയ ഘട്ടത്തിലൂടെയാണ് രശ്മിക ഇപ്പോൾ കടന്നുപോകുന്നത്. ആക്ഷൻ ത്രില്ലർ ‘മൈസാ’, സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പീരിയഡ് ഡ്രാമ ‘രണബാലി’ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ. കൂടുതൽ പ്രാധാന്യമുള്ള, ഉള്ളടക്കത്തിന് മുൻതൂക്കമുള്ള കഥാപാത്രങ്ങളിലേക്കുള്ള രശ്മികയുടെ മാറ്റത്തിന്റെ സൂചനയായാണ് ഈ പ്രോജക്ടുകൾ വിലയിരുത്തപ്പെടുന്നത്.